31 May 2009
ഒരു യാത്രാമൊഴി...
16 May 2009
'ചരിത്ര' തോല്വിയുമായി ഇടതു മുന്നണി...
ഒരുപിടി എക്സിറ്റ് പോളുകള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ യു.ഡി.എഫും, എക്സിറ്റ് പോളുകളില്‍ അവിശ്വാസം പ്രകടിപ്പിച്ച് എല്‍.ഡി.എഫും, കാര്യമായി ഒന്നും നേടാനില്ലെങ്കിലും ഒന്നും നഷ്ടപ്പെടാനില്ലെന്ന് ബി.ജെ.പി യും വിശ്വസിച്ചുപോന്ന കൊച്ചുകേരളത്തിലെ ഒരു മാസക്കാല കാത്തിരിപ്പുകള്‍ക്കന്ത്യമായി. ഒടുവില്‍ കണക്കും, കൂട്ടും തെറ്റി സി.പി.എം പ്രതിക്കൂട്ടിലായ കാഴ്ചയായിരുന്നു ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. 20 ല്‍ 16 സീറ്റിലും ഉജ്വല വിജയം നേടി കോണ്‍ഗ്രസും, യു.ഡി.എഫും 2004 ലെ പരാജയത്തിന് കനത്ത മറുപടി നല്‍കിയപ്പോള്‍, പിഴച്ച ചുവടുകള്‍ക്കും, തെറ്റായ കണക്കുകൂട്ടലുകള്‍ക്കും ഇടതുപക്ഷത്തിന് വന്‍ വില നല്‍കേണ്ടി വന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ തട്ടകമായ കണ്ണൂരില്‍ പാര്‍ട്ടിക്കേറ്റ വന്‍ പരാജയം കേരളത്തില്‍ ഭരണകക്ഷിക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയായി. ജനങ്ങളില്‍നിന്ന് ഭരണകക്ഷി അകന്നു എന്നതിനുള്ള ഏറ്റവും വലിയ തെളിവല്ലേ ഈ കനത്ത തിരിച്ചടി?
14 May 2009
എടുക്കാം, കൊടുക്കാന്‍ കഴിയുമെങ്കില്‍ മാത്രം...!
വളരെക്കാലങ്ങള്‍ക്കുശേഷമാണീ വഴിയെ... ഇപ്പോള്‍ ചിലത് കുത്തിക്കുറിക്കണമെന്ന് തോന്നി... അത്രമാത്രം... ചിലരെയെങ്കിലും സ്പര്‍ശിക്കാതിരിക്കില്ല...
അംഗുലീമാളേക്കുറിച്ച് കേള്‍ക്കാത്തവരായി നമ്മുടെയിടയില്‍ ആരുമുണ്ടാവില്ല. പുരാതന ബീഹാറിലെ ഒരു രാജാവിന്റെ പുത്രനായിരുന്നു അംഗുലീമാള്‍. തിന്മയുടെ വഴിയെ നടന്ന അദ്ദേഹം വളരെ ചെറുപ്പത്തില്‍ത്തന്നെ ഒരു കൊലയാളിയും കൊള്ളക്കാരനുമായി മാറി. താന്‍ കൊള്ളയടിച്ച് കൊലചെയ്യുന്നവരുടെ വിരലുകളിലൊന്ന് മുറിച്ചെടുത്ത് കഴുത്തിലണിയുക അദ്ദേഹത്തിന്റെ ഒരു വിനോദമായിരുന്നു.
അയാള്‍ കൊലചെയ്തവരുടെ എണ്ണം ആയിരം തികയുന്നതിന് ഒരാള്‍കൂടി മാത്രം മതിയായിരുന്ന അവസരത്തിലാണ് ശ്രീബുദ്ധന്‍ അയാള്‍ വസിച്ചിരുന്ന കാട്ടിലൂടെ യാത്രചെയ്യുവാനിടയായത്. ശ്രീബുദ്ധനെ കണ്ടമാത്രയില്‍ അംഗുലീമാള്‍ ആഹ്ലാദത്താല്‍ തുള്ളിച്ചാടി. ആയിരാമത്തെ ഇരയിതാ തന്റെ മുന്‍പില്‍. വാള്‍ വലിച്ചൂരി അയാള്‍ ശ്രീബുദ്ധന്റെ നേരേ പാഞ്ഞുചെന്നു. പക്ഷേ, അപ്പോഴും കൂസലില്ലാതെ അദ്ദേഹം മുന്നോട്ട് നടക്കുകയായിരുന്നു.
കൊലയാളിയായ തന്നെക്കണ്ടിട്ടും പേടിച്ചോടാതെ മുന്നോട്ടുവരുന്ന ആളിനെക്കണ്ടപ്പോള്‍ അംഗുലീമാന്‍ പെട്ടന്നൊന്നു പകച്ചു. എങ്കിലും സംഭ്രമം മറച്ചുവച്ചുകൊണ്ട് അയാള്‍ പറഞ്ഞു: "നിങ്ങളെ കണ്ടിട്ട് ഒരു സന്യാസിയാണെന്ന് തോന്നുന്നു. അതുകൊണ്ട് ഞാന്‍ കൊല്ലുന്നില്ല. എത്രയും വേഗം, വന്ന വഴിയേ ജീവനുംകൊണ്ട് ഓടി രക്ഷപ്പെട്ടുകൊള്ളൂ."
"ഞാന്‍ മുന്നോട്ട് പോകാനാണ് വന്നത്, അതുകൊണ്ട് മുന്നോട്ട് പോകുകതന്നെ ചെയ്യും. നിങ്ങള്‍ വേഗം വഴിമാറിത്തരൂ." ശ്രീബുദ്ധന്‍ മറുപടി പറഞ്ഞു.
"മുന്നോട്ടുവന്നാല്‍ ഞാന്‍ നിങ്ങളെ കൊല്ലും," കൊള്ളക്കാരന്‍ പറഞ്ഞു.
"എന്നെ കൊല്ലണമെന്നാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ അതുതന്നെ നടക്കട്ടെ", ശ്രീബുദ്ധന്‍ പറഞ്ഞു.
"എന്നാല്‍ അതിനു മുന്‍പ് നിങ്ങള്‍ എനിക്കൊരു ഉപകാരം ചെയ്യണം". അടുത്തുനിന്നിരുന്ന ഒരു വൃക്ഷത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് ശ്രീബുദ്ധന്‍ തുടര്‍ന്നു: "ഈ മരത്തില്‍ നിന്ന് എനിക്ക് മൂന്ന് ഇല അടര്‍ത്തിത്തരണം."
കൊള്ളക്കാരന്‍ ഉടനെ തന്റെ വാളെടുത്ത് ആ മരത്തിന്റെ ഒരു വലിയ കമ്പ് ഇലകളോടെ വെട്ടിക്കൊടുത്തു. അപ്പോള്‍ ശ്രീബുദ്ധന്‍ പറഞ്ഞു: "എനിക്ക് ഒരു ഉപകാരം കൂടി ചെയ്തു തരണം. നിങ്ങള്‍ വെട്ടിയെടുത്ത കമ്പ് വീണ്ടും കൂട്ടിച്ചേര്‍ത്ത് കാണിക്കുക."
അല്‍പം ആലോചിച്ചതിനു ശേഷം കൊള്ളക്കാരന്‍ പറഞ്ഞു: "അത് അസാധ്യമാണ്".
പുഞ്ചിരിയോടെ ശ്രീബുദ്ധന്‍ പറഞ്ഞു: "നശിപ്പിക്കാന്‍ ഏത് കൊച്ചുകുട്ടിക്കുപോലും സാധിക്കും. എന്നാല്‍ നശിപ്പിച്ചതിന് പുനര്‍ജീവന്‍ നല്‍കാന്‍ നിനക്ക് സാധിക്കുമോ? വലിയ ശക്തിമാനാണന്നല്ലേ നിന്റെ ധാരണ? എങ്കില്‍ ഈ ഇലകള്‍ പഴയ സ്ഥാനത്ത് പ്രതിഷ്ഠിച്ച് അവയ്ക്ക് ജീവന്‍ നല്‍കൂ."
ശ്രീബുദ്ധന്‍ ആ കൊള്ളക്കാരനോട് പറഞ്ഞതുപോലെ, നശിപ്പിക്കുവാന്‍ ആര്‍ക്കും സാധിക്കും. എന്നാല്‍ എത്ര ശ്രമിച്ചാലും അവയ്ക്ക് പുനര്‍ജീവന്‍ നല്‍കാന്‍ നമുക്കാവില്ല. ഒരു ദേഷ്യത്തിന്
മറ്റൊരാളുടെ ജീവന്‍ നശിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞേക്കാം. നാം കോപാകുലരാകുമ്പോള്‍ വായില്‍ തോന്നിയവ നാം വിളിച്ച് പറഞ്ഞെന്നിരിക്കാം. എന്നാല്‍ പറഞ്ഞ വാക്കുകള്‍ തിരിച്ചെടുക്കാന്‍ നമുക്ക് സാധിക്കുമോ? നമ്മള്‍ പറഞ്ഞ വാക്കുകള്‍വഴി ആത്മാവിലുണ്ടായ മുറിവും വേദനയുമൊക്കെ അത്ര എളുപ്പത്തില്‍ മാറ്റുവാന്‍ നമുക്ക് സാധിക്കുമോ?
മറ്റുള്ളവരെ നശിപ്പിക്കാനുള്ള ശക്തി നമ്മളിലുണ്ട്. ആ ശക്തി വളരെ മാരകവുമാണ്. ആ ശക്തി നാം ഉപയോഗിച്ചാല്‍ മറ്റുള്ളവര്‍ക്ക് മാത്രമല്ല, നമുക്കും അത് മാരകമായി ഭവിക്കുമെന്നതില്‍ സംശയം വേണ്ട. മറ്റുള്ളവരെ നശിപ്പിക്കാനുള്ള ശക്തി നമ്മളിലുള്ളതുപോലെ അവര്‍ക്ക് ജീവന്‍ കൊടുക്കുവാനുള്ള ശക്തിയും ഒരു പരിധിവരെ നമ്മിലുണ്ട്. മരിച്ചവര്‍ക്ക് ജീവന്‍ നല്‍കാന്‍ നമുക്ക് സാധിക്കില്ല എന്നത് ശരി തന്നെ. എന്നാല്‍, നാം മൂലം മറ്റുള്ളവരിലുണ്ടാകുന്ന മുറിവുകള്‍ ഉണ്‍ക്കുന്നതിനും, അവര്‍ക്ക് നവജീവന്‍ നല്‍കുന്നതിനും നമുക്ക് സാധിക്കും. നമ്മുടെ വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും, ഇനിയൊരിക്കലും മറ്റുള്ളവര്‍ക്ക് ഒരു കൊച്ചു മുറിവു പോലും ഉണ്ടാവാന്‍ ഇടവരുത്തരുത്. നമ്മുടെ വാക്കും പ്രവര്‍ത്തിയും മറ്റുള്ളവരുടെ മുറിവുകള്‍ ഉണക്കുന്നവയും അവര്‍ക്ക് നവജീവന്‍ നല്‍കുന്നവയുമാകട്ടെ.
ശ്രീബുദ്ധനെ ഭീക്ഷണിപ്പെടുത്തിയ അംഗുലീമാള്‍ ജീവന്‍ കൊടുക്കാനുള്ള ശക്തി തനിക്കില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ മാനസാന്തരപ്പെട്ടതായും ശ്രീബുദ്ധന്റെ ശിഷ്യനായി ത്തീര്‍ന്നതായും ശ്രീബുദ്ധനെക്കുറിച്ചുള്ള ഈ കഥ തുടരുന്നുണ്ട്. സ്വന്തം ശക്തിയും ശക്തിയില്ലായ്മയും നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം. അതോടൊപ്പം വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും മറ്റുള്ളവര്‍ക്ക് എങ്ങനെ ജീവന്‍ കൊടുക്കാന്‍ സാധിക്കുമെന്ന് നിരന്തരം അന്വേഷിക്കുകയും, അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യാം.