31 May 2008

അമ്മയും നന്മയും ഒന്നാണ്‌...!

കടപ്പാടിന്റെ പുസ്തകത്തിലൊരിക്കലും വീട്ടിത്തീര്‍ക്കാനാവാത്ത ഒരു കടമുണ്ട്‌. സുകൃത വഴികളിലെന്നെ കൈപിടിച്ചു നടത്തിയ അമ്മയോടുള്ള കടം. സ്വാര്‍ത്ഥതയുടെ കൂടാരങ്ങളില്‍ ഒരിക്കല്‍പോലും വിശ്രമം തേടാതെ സഹനത്തിന്റെ മരുഭൂമിയിലൂടെ എന്നും നടന്നുപോകുന്നവള്‍... ഹൃദയം നുറുങ്ങുന്ന വേദനകള്‍ക്കുനടുവിലും ശരീരത്തിലെനിക്കായ്‌ വേദനയേറ്റുവാങ്ങിയവള്‍... എന്നെ പത്ത്‌ മാസം ചുമന്നവള്‍; ഒടുവില്‍ നൊന്ത്‌ പ്രസവിച്ചവള്‍. അമ്മിഞ്ഞപ്പാലിനൊപ്പം സ്നേഹത്തിന്റെ ബാലപാഠങ്ങള്‍ എനിക്കാദ്യം പറഞ്ഞുതന്നവള്‍... തന്റെ ജീവിതം മുഴുവനും എനിക്കായ്‌ മാറ്റിവച്ചവള്‍... ഞാന്‍ വളരാന്‍ സ്വയം കുറഞ്ഞവള്‍... കുഴിഞ്ഞ കണ്ണുകളും ഒട്ടിയ കവിളും... ആ നെറ്റിയിലെ രക്തക്കറപുരണ്ട വിയര്‍പ്പുചാല്‍ ഇന്നുമൊഴിഞ്ഞിട്ടില്ല. ആ കൈകളിലൂടെയുരുളുന്ന കൊന്തമണികളാണിന്നുമെന്റെ ബലം. അതുതന്നെയാണ്‌ എന്റെ നിലനില്‍പ്പിന്റെ രഹസ്യവും...!


എന്റെ അമ്മയുടെ മാത്രം ചിത്രമല്ലിത്‌. എല്ലാ അമ്മമാരും ഒരുപോലെയാണ്‌. വിദേശത്തായിരുന്ന ഒരുവന്‍ തന്റെ പ്രിയപ്പെട്ടവരുടെ ഫോട്ടോകള്‍ കൂട്ടുകാരന്‌ അയച്ചുകൊടുത്തു. അതിലവന്റെ അമ്മയുടെ മുഖം വ്യക്തമായിരുന്നില്ല. സങ്കടം പറഞ്ഞവനോട്‌ കൂട്ടുകാരന്‍ പറഞ്ഞവാക്കുകള്‍ ചിന്തിപ്പിക്കുന്നതാണ്‌. "എന്റെ പ്രിയ കൂട്ടുകാരാ, ഭൂമിയിലെ എല്ലാ അമ്മമാര്‍ക്കും ഒരേ മുഖമാണല്ലോ..., എന്റെ അമ്മയും നിന്റെ അമ്മയും ഒന്നുപോലെ തന്നെ...!" ഒരായിരം അടയാളങ്ങളുടെ സമൃദ്ധിയില്‍ ആഘോഷിക്കപ്പെടേണ്ട ഒരുത്സവമാണു അമ്മയുടെ സ്നേഹം. ഇടനെഞ്ചില്‍ വറ്റാത്ത സ്നേഹത്തിന്റെ ഒരായിരം ഉറവുകള്‍ സൂക്ഷിക്കുന്ന നിന്റെ അമ്മ നിനക്കൊരുത്സവം തന്നെയല്ലേ? തിരുഹൃദയനടയില്‍ തിരിതെളിച്ച്‌, അത്യുന്നതന്റെ ആകാശങ്ങളിലേയ്ക്കുയരുന്ന ജാഗരണങ്ങള്‍ക്കിടയില്‍ നിന്റെ അമ്മയുടെ സ്വരം നീ തിരിച്ചറിയുന്നില്ലേ? എല്ലാമറിഞ്ഞിട്ടും മുഴുവന്‍ മനസ്സിലാക്കിയിട്ടും പിന്നെയും സ്നേഹിക്കുന്ന അമ്മ. ഒരു യുഗം മുഴുവന്‍ കണ്ണീരിലാഴ്ത്തിയാലും സ്നേഹത്തിന്റെ പനിനീര്‍പ്പൂക്കള്‍ കരുതലോടെ മാറ്റിവയ്ക്കുന്നവള്‍... വാക്കുകളുടെ മായാപ്രപഞ്ചത്തിനുമപ്പുറം ഉയര്‍ന്നുനില്‍ക്കുന്ന പരിശുദ്ധമായ നാമം - അമ്മ എന്ന രണ്ടക്ഷരം...!

'പാത്രത്തിലെ ശേഷിച്ച മാവും ഭരണിയിലെ ഇത്തിരി എണ്ണയും' ചേര്‍ത്ത്‌ മക്കള്‍ക്ക്‌ അപ്പമുണ്ടാക്കി പകുത്തുനല്‍കുന്നു അമ്മ. പിന്നെ കുഞ്ഞുങ്ങളുടെ സംതൃപ്തമായ മുഖങ്ങള്‍ കണ്ട്‌ മാത്രം വിശപ്പ്‌ മാറ്റുകയും, അല്ല മറക്കുകയും ചെയ്യുന്ന അവള്‍... വാഗ്ദാനങ്ങളുടെ പേടകമുറ്റത്ത്‌, കൈകളില്‍ ഉരുണ്ട്‌ നീങ്ങുന്ന ദുഖഃങ്ങളുടെ അമ്പത്തിമൂന്നുമണികളുമായിരിക്കുന്ന ആ അമ്മയെ ധ്യാനിക്കുമ്പോള്‍ ഞാനറിയാതെ എത്തിച്ചേരുന്ന മറ്റൊരമ്മയുടെ മുഖമുണ്ട്‌... ദൈവത്തിനും മുനുഷ്യനുമിടയില്‍ കനിവിന്റെ കോവിണിതീര്‍ത്ത പരിശുദ്ധ കന്യകാമറിയം. എന്റെ അമ്മയില്‍നിന്നും ഈ അമ്മയിലേയ്ക്കുള്ള ദൂരം അധികമില്ല. 'ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ' എന്നു പറഞ്ഞുകൊണ്ട്‌ തന്നെത്തന്നെ ബലിയായി നല്‍കിയ നസ്സ്രസ്സിലെ ആ അമ്മയുടെ മുഖം എന്റെ അമ്മയുടെ മുഖം തന്നെയല്ലെ...?

മാതൃസന്നിധിയില്‍ നീയര്‍പ്പിക്കുന്ന ഭീമഹര്‍ജികളൊന്നും പാഴായിപ്പോകില്ല. അപ്പന്റെ സന്നിധിയില്‍ പുത്രനെത്തിച്ചേരാനുള്ള കുറുക്കുവഴിയാണെന്നും അമ്മ. നിന്റെ ചെറുപ്പകാലങ്ങളിലെ പ്രത്യാശയുടെ ആ സാരിത്തുമ്പ്‌ നിനക്കൊരിക്കലും നഷ്ടമായിക്കൂടാ... ആ അമ്മയില്‍നിന്നും പരിശുദ്ധ അമ്മയിലേയ്ക്കുള്ള ദൂരം ഒരു തീര്‍ത്ഥാടനത്തിന്റെ ദൂരമാണ്‌. ഇവിടെ നീയൊരു തീര്‍ത്ഥാടകനാകുന്നു.. തീര്‍ത്ഥയാത്രയ്ക്കൊടുവില്‍ നിനക്കവള്‍ അമ്മയും അവള്‍ക്കു നീ മകനുമാകണം - കുരിശിന്‍ ചുവട്ടിലെ മറ്റൊരു യോഹന്നാന്‍...! മാതൃഭക്തനായ ബിഷപ്‌ ഷീന്‍ ഒരിക്കല്‍ പറഞ്ഞു; "ഞാന്‍ മരിച്ച്‌ സ്വര്‍ഗ്ഗത്തിലെത്തുമ്പോള്‍ കര്‍ത്താവെന്നോട്‌ പറയും. അല്ലയോ ഷീന്‍, എനിക്ക്‌ താങ്കളെ നേരിട്ട്‌ പരിചയമൊന്നുമില്ല. എങ്കിലും എന്റെ അമ്മ താങ്കളെക്കുറിച്ചിവിടെ പറയുന്നത്‌ പലവട്ടം ഞാന്‍ കേട്ടിട്ടുണ്ട്‌." അമ്മയെക്കുറിച്ച്‌ പറയുമ്പോള്‍ മരിയഭക്തനായ വിശുദ്ധ ബര്‍ണാഡിന്റെ വാക്കുകള്‍ പറയാതെ വയ്യ. "ദൈവമാതാവിനെ പിഞ്ചെന്നാല്‍ നാം വഴിതെറ്റിപ്പോകില്ല. അവളെ ധ്യാനിച്ചിരുന്നാല്‍ നാം തെറ്റില്‍ വീഴില്ല. അമ്മയോടപേക്ഷിച്ചാല്‍ നിരാശപ്പെടേണ്ടി വരില്ല. അവളോടൈക്യപ്പെട്ടിരുന്നാല്‍ നാം അധഃപതിക്കുകയില്ല. ഈ മാതാവ്‌ നിന്നോടൊത്തിരുന്നാല്‍ നിനക്ക്‌ സമസ്തവും ഉണ്ട്‌." അതുകൊണ്ട്‌ നമുക്ക്‌ നമ്മുടെ അമ്മയോടൊത്തിരിക്കാം. ആ അമ്മ നമ്മൊടുമൊത്തിരിക്കും.


ഇന്ന് മെയ്‌ 31. മാതാവിന്റെ വണക്കമാസത്തിന്റെ കാലംകൂടല്‍... കൊന്തമണികളുടെ പരിശുദ്ധ നിയോഗങ്ങള്‍ക്ക്‌ വാദ്യാഘോഷങ്ങള്‍ അകമ്പടിയേകുന്ന ദിനം. അമ്മേയെന്ന് വിളിച്ച്‌ കൊതിതീരാത്തവര്‍ക്കിതെന്നും ഉത്സവത്തിന്റെ സുദിനം. സ്നേഹം നൊമ്പരമാണെന്ന് പഠിപ്പിക്കുന്ന അമ്മയ്ക്കുമുന്‍പില്‍ പുഷ്പാലങ്കാരം നടത്താന്‍ ഒരു ദിനം കൂടി... ഒപ്പം കമ്പിത്തിരിയും, നിലാത്തിരിയും, ചക്രവും, പൂങ്കുരവയും... പിന്നെ ഹൃദയസാഗരത്തിന്റെ അടിത്തട്ടിലെവിടെയോ ഒളിപ്പിച്ചുവച്ചൊരു വാക്കും... അമൂല്യമായ ഒരു മുത്തുച്ചിപ്പിപോലെ. അമ്മേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. കൂടെ ഒരായിരം ചുടുചുംബനങ്ങളും... എത്ര സ്നേഹിച്ചാലും അധികമാവില്ലന്നറിഞ്ഞുകൊണ്ടുതന്നെ...!

4 comments:

  1. സൈറ്റ് ലോഡ് ചെയ്യാന്‍ വളരെ സമയം എടുക്കുന്നു. ശ്രദ്ധിക്കുമല്ലോ

    ReplyDelete
  2. Hai dear Joseph,
    Very good thoughts.....
    Very good appearence.....
    Carry on......
    James

    ReplyDelete
  3. Hai dear Joseph,
    Very good thoughts.....
    Very good appearence.....
    Carry on......
    super.....
    SAIJU

    ReplyDelete