4 Jun 2008

കടല്‍പ്പക്ഷികള്‍ കാത്തിരിക്കുന്നു... സഹനക്കടലിനുമീതേ പറക്കാന്‍...!

"പിതാവേ, കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്ന് അകറ്റണമേ. എങ്കിലും, എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ! "(ലൂക്കാ; 22:42)

ക്ലാസ്സ്‌ മുറിയിലെ പാഠങ്ങളുടെ സങ്കീര്‍ണ്ണതകള്‍ക്കറുതിയാകുന്നു. ഇനി എനിക്ക്‌ പരീക്ഷകളുടെ ഉഷ്ണകാലമാണ്‌. വായിച്ചതും പഠിച്ചതുമെല്ലാം വെള്ളപ്പേപ്പറില്‍ നീലയായി ചിന്നിവീഴുന്നു. പരീക്ഷകളെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ വല്ലാത്ത ഭാരം. ഇത്‌ എത്രാമത്തെയാണ്‌... അറിയില്ല. എങ്കിലും ഒരു കാര്യം ഉറപ്പാണ്‌. പരീക്ഷകള്‍ എന്നെ ഭയങ്കരമായി അസ്വസ്ഥനാക്കുന്നു. ആഗ്രഹിക്കുന്നില്ലെങ്കിലും അവ ജീവിതത്തിന്റെ ഭാഗമാവുന്നു. ഒപ്പം ആത്മാര്‍ത്ഥമായ ഒരു ചോദ്യവും..., ദൈവമേ, എന്തിനിങ്ങനെയൊരു പരീക്ഷണംകൂടി...?

എത്രയെത്ര സഹനത്തിന്റെ പരീക്ഷകളിലൂടെ കടന്നുപോകേണ്ടവനാണ്‌ ഞാന്‍. ഇവയ്ക്കൊരവസാനമില്ലേ? ഇവയെല്ലാമെന്തുകൊണ്ട്‌? നൂറ്റാണ്ടുകളായി മനുഷ്യന്‍ ദൈവത്തോടും തന്നോടുതന്നെയും ചോദിക്കുന്ന ചോദ്യങ്ങളാണിവ. ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളിലൂടെ, പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യന്റെ കണ്ണീരില്‍ കുതിര്‍ന്ന നിശഃബ്ദമായ ചോദ്യം. എന്നാല്‍ തലമുറകള്‍ പഴക്കമുള്ള ഈ ചോദ്യത്തിന്‌ പഴമയുടെ പൊലിമയോ, ആധുനികതയുടെ പ്രസക്തിയോ ഉളള ഒരുത്തരം നല്‍കാന്‍ മനുഷ്യകുലം ഇന്നും പരാജയപ്പെട്ടിരിക്കുന്നു.

ഉത്തരം തേടിയുള്ള യാത്രയില്‍ ഞാനാദ്യം എത്തിച്ചേരുക ഒരു മരുഭൂമിയിലാണ്‌. ശൂന്യതയുടെ പര്യായമായ, മനുഷ്യവാസമില്ലാത്ത യൂദയാ മരുഭൂമി. അനന്തതയുടെ മണലാരണ്യത്തിലതാ, സാത്താനാല്‍ പരീക്ഷിക്കപ്പെടുവാനായി ആത്മാവിനാല്‍ നയിക്കപ്പെട്ടൊരുവന്‍, പ്രതീക്ഷയുടെ പൂര്‍ത്തീകരണമായ ക്രിസ്തു. വിമോചന്തിന്റെ മാഹാദ്മ്യവുമായ്‌ വന്ന 'ദൈവപുത്രന്‍' പോലും പരീക്ഷകള്‍ക്ക്‌ വിധേയനായെങ്കില്‍ നാമെല്ലാം എത്രയധികം പരീക്ഷകളിലൂടെ കടന്നുപോകേണ്ടിവരും. നിന്നെ പരീക്ഷിക്കുവാന്‍ സാത്താനെ അനുവദിക്കുന്നവന്‍ ദൈവമാണെന്ന് മറന്നുകൂടാ... ആത്മാവ്‌ വഴികാട്ടിയും...!

പഴയനിയമത്തില്‍ സാത്താനാല്‍ പരീക്ഷിക്കപ്പെടുവാനായി ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു മനുഷ്യനുണ്ടായിരുന്നു. ദൈവവും തിന്മയുടെ ശക്തികളും ഒരുപോലെ നീതിമാനായിക്കണ്ട ജോബ്‌. നീതിമാനും ദൈവഭക്തനുമായിരുന്നിട്ടും ഒന്നിനുപിറകേ ഒന്നായി ദുരന്തങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ അദ്ദേഹം ആകാശത്തോട്‌ വിളിച്ച്‌ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്‌. എന്റെ ദൈവമേ, എന്തിന്‌ നീതിമാനും സഹിക്കേണ്ടിവരുന്നു എന്ന്. ദൈവം ചോദിക്കുന്ന നിസ്സാരങ്ങളായ മറുചോദ്യങ്ങള്‍ക്കുമുന്‍പില്‍ അത്ഭുതപ്പെടുകയാണ്‌ ജോബ്‌. ഇത്ര നിസ്സാരങ്ങളായ പ്രപഞ്ച സത്യങ്ങളുടെപോലും പേരും അര്‍ത്ഥവും മനസ്സിലാക്കാനാവാത്ത തനിയ്ക്ക്‌ അനുദിന ജീവിതപരീക്ഷണങ്ങളുടെ അര്‍ത്ഥമറിയാന്‍ അവകാശമില്ലെന്ന് ഗ്രഹിച്ച്‌ സ്വയം കീഴടങ്ങുന്ന ജോബിനെയാണ്‌ പിന്നെ നാം കാണുക.



സമയത്തിന്റെ പൂര്‍ത്തിയില്‍ ഇതേ ചോദ്യം ആവര്‍ത്തിക്കപ്പെടുന്നത്‌ ഗത്സമേനിയിലെ ഒരു നിലാപൗര്‍ണ്ണമിയിലാണ്‌. "പിതാവേ, കഴിയുമെങ്കില്‍ ഈ തിരുമണിക്കൂര്‍ എന്നില്‍നിന്നുമകറ്റണമേ" എന്ന് പ്രാര്‍ത്ഥിക്കുന്ന ദൈവപുത്രന്‍ ഒപ്പം കൂട്ടിച്ചേര്‍ക്കുന്നു "എങ്കിലും എന്റെ ഇഷ്ടമല്ല,അങ്ങയുടെ ഇഷ്ടം നിറവേറട്ടെ". തന്റെ പിതാവിന്റെ ഇഷ്ടം വ്യക്തമായി മനസ്സിലാക്കിയ പുത്രന്‍ പിന്നെ അമാന്തിക്കുന്നില്ല. ഗാഗുല്‍ത്തായിലേയ്ക്കവന്‍ നടന്നടുത്തു. ആറാം മണിക്കൂറിലെ കുരിശിലെ നിലവിളി കാല്വ്വരിക്കുന്നും, ദേവാലയത്തിലെ തിരശ്ശീലയും ഭേദിച്ച്‌ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ കര്‍ണ്ണപുടങ്ങളില്‍ തുളച്ചുകയറി. എന്നിട്ടും മൗനത്തിലായ പിതാവിനെ മനസ്സില്‍ ധ്യാനിച്ച്‌ കുരിശിലെ മനുഷ്യന്‍ വിളിച്ചു പറഞ്ഞു, "പിതാവേ, അങ്ങയുടെ തൃക്കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു". ലോകം കണ്ടതില്‍ വച്ചേറ്റവും മനോഹരമായ മരണം. പക്ഷേ ഇവിടെയും സഹനമാകുന്ന പരീക്ഷകള്‍ എന്തുകൊണ്ട്‌ എന്ന കണ്ണീരില്‍ കുതിര്‍ന്ന നിശ്ശബ്ദമായ ചോദ്യം അവശേഷിക്കുന്നു.

കടല്‍കാക്ക ഒരു പ്രതീകമാണ്‌. മഹാസാഗരത്തിന്റെ അതിശക്തമായ തണുപ്പില്‍ ജീവിച്ച്‌, തകര്‍ത്തടിക്കുന്ന തിരമാലകളെ ഭേദിച്ച്‌ ആകാശത്തിലേയ്ക്ക്‌ ഉയര്‍ന്നുപൊങ്ങി പറക്കുന്ന, പറക്കാന്‍ മറ്റുള്ളവയെ സൗമ്യമായി പ്രേരിപ്പിക്കുന്ന ഒരു പക്ഷി. അതുപോലെ, സഹനത്തിന്റെ തീച്ചൂളയില്‍ ശോധനം ചെയ്ത്‌, മരണത്തിനു കീഴ്‌വഴങ്ങി, മൂന്നാംദിനമുയിര്‍ത്ത്‌, സ്വര്‍ഗ്ഗത്തിലേയ്ക്ക്‌ കയറിയ ക്രിസ്തു നമ്മേയും ശാന്തമായി ക്ഷണിക്കുന്നു... അവിടുത്തെ അനുഗമിക്കാന്‍...!

ഹൈന്ദവപുരാണത്തില്‍ ഭാരതയുദ്ധത്തിനുശേഷം കുന്തീദേവി കൃഷ്ണനോട്‌ പറഞ്ഞു. "അല്ലയോ കൃഷ്ണാ, പരീക്ഷകള്‍ വന്നപ്പോള്‍ ഞങ്ങള്‍ നിന്റെ നാമം വിളിച്ചപേക്ഷിച്ചു. ഞങ്ങള്‍ക്ക്‌ പരീക്ഷകള്‍ ഉണ്ടാകുമ്പൊഴേ നീ വരികയുള്ളെങ്കില്‍ ഞങ്ങള്‍ക്കെന്നും പരീക്ഷകള്‍ മതി. നീ കൂടെയുണ്ടാകുമല്ലോ..." പരീക്ഷണങ്ങളില്‍ നമ്മോടൊത്ത്‌ നടക്കാന്‍ ഒരു ഈശ്വരനുള്ളപ്പോള്‍ നാമാരെ പേടിക്കണം? അവയില്‍ തളരരുത്‌... കാരണം മരണത്തിന്റെ നിഴല്‍ വീണ താഴ്‌വരയിലൂടെയാണ്‌ നാം നടക്കുന്നതെങ്കിലും നമ്മുടെ ദൈവം നമ്മെ കാത്തുകൊള്ളും. (സങ്കീര്‍; 23:4)


ഇവിടെ പരീക്ഷകള്‍ അവസാനിക്കുകയാണ്‌. സഹനങ്ങള്‍ വേദനയുടെ നിലങ്ങളില്‍ വിതയ്ക്കപ്പെട്ടിരിക്കുന്നു. ഇനി കൊയ്ത്തിനുവേണ്ടിയുള്ള കാത്തിരിപ്പ്‌. ഇലകള്‍ കൊഴിച്ച ശിശിരത്തിനും, ചുട്ടുപൊള്ളിച്ച ഗ്രീഷ്മത്തിനുംശേഷം ആഗതമാകുന്ന വസന്തത്തിന്റെ പ്രതീതി. സൗഹൃദത്തിന്റെയും വിരുന്നുപോകലുകളുടേയും ഉത്സവകാലം. പക്ഷേ ഒന്ന് മറക്കാതിരിക്കാം. ശിശിരമില്ലാതെ വസന്തമില്ലെന്ന്...! പരിപൂര്‍ണ്ണതയുടെ ചക്രവാളങ്ങളിലേയ്ക്ക്‌ പറന്നുയരാന്‍ നമ്മെ സഹായിക്കുന്ന കടല്‍കാക്കകളുടെ ചിറകുകളാണ്‌ ഇന്നിന്റെ പരീക്ഷണങ്ങളാകുന്ന കൊച്ചുകൊച്ചു സഹനങ്ങള്‍. അതിനാല്‍ അനുദിന ജീവിത പരീക്ഷകളെ ധൈര്യപൂര്‍വ്വം നേരിട്ട്‌ മൂല്യബോധത്തെ നവീകരിക്കുന്ന ഉയര്‍ന്ന ചിന്തയും, ഉറച്ച നട്ടെല്ലും, കരുത്തുറ്റ കൈകളും പണയം വയ്ക്കാത്ത മസ്തിഷ്ക്കവും സ്വായത്തമാക്കാനായി നമുക്കൊന്നിക്കാം.

1 comment:

  1. ഹലോ സാറേ....
    എന്തുപറ്റി.,
    പുതിയ പോസ്റ്റുകളൊന്നും കാണുന്നില്ലല്ലോ? തിരക്കാണോ??

    Eagerly waiting to see more and more..

    ReplyDelete