29 Mar 2009

നോമ്പുകാലം - ചില വിചിന്തനങ്ങള്‍...!

പെസഹാ മഹോത്സവത്തിനൊരുക്കമായി. മനുഷ്യാ, നീ മണ്ണാകുന്നു, മണ്ണിലേയ്ക്ക്‌ നീ മടങ്ങും, എന്നുച്ചരിച്ച്‌ വിഭൂതി നാളില്‍ വൈദികന്‍ നെറ്റിയില്‍ ചാര്‍ത്തിയ ഒരുനുള്ളുചാരം ഉത്സാഹത്തോടും സന്തോഷത്തോടുംകൂടി കൊണ്ടാടേണ്ട ആന്തരീകോത്സവമായ നോമ്പിന്‌ തിരി തെളിച്ചു. ക്രൈസ്തവ ജീവിതത്തിലെ ഏറ്റവും പവിത്രവും പരിപാവനവുമായ കാലഘട്ടമാണ്‌ വലിയ നോമ്പിന്റെ അന്‍പത്‌ ദിനങ്ങള്‍. പാപത്തിന്റെ അടിമത്തത്തില്‍നിന്നുള്ള മോചനമാണ്‌ യഥാര്‍ത്ഥവും സമ്പൂര്‍ണ്ണവുമായ വിമോചനമെന്ന് തിരിച്ചറിയുന്ന സമയമാണിത്‌. ത്യാഗത്തിന്റെയും പ്രാര്‍ത്ഥനയുടേയും ചൈതന്യംകൊണ്ട്‌ തന്നെത്തന്നെ ധന്യമാക്കാന്‍ ഒരുവനെ ശക്തിപ്പെടുത്തുന്ന, അനുഗ്രഹാശിസ്സുകളുടെ ഒരു കാലമാണിത്‌. നോമ്പുകാലം അനുതാപത്തിന്റെയും അനുരജ്ഞനത്തിന്റെയും കാലമാണ്‌.

അനുതാപത്തിന്റേയും പുണ്യപ്രവര്‍ത്തികളുടേതുമായ നോമ്പുകാലം ഉപവാസത്തിന്റേയും പ്രാര്‍ത്ഥനയുടേയും കാലംകൂടിയാണ്‌. കര്‍മ്മം ചെയ്യുന്നവരുടെ കരുത്താണ്‌ ഉപവാസം. ദൈവത്തിന്റെ കൂടെ ആയിരിക്കുന്നവന്റേയും, ദൈവത്തെ കൂടെ കൊണ്ടുനടക്കുന്നവന്റേയും ആത്മീയദര്‍ശനമാണ്‌ നോമ്പും ഉപവാസവും. നമ്മുടെ ബന്ധങ്ങളില്‍ വന്നുപോയ മുറിവുകള്‍ സുഖപ്പെടുത്തേണ്ട സമയമാണ്‌ ഈ നോമ്പുകാലം. ദൈവത്തോടുള്ള ബന്ധത്തില്‍ മാത്രമല്ല, നമ്മുടെ സഹോദരങ്ങളോടും, നമ്മോടുതന്നെയും, പ്രപഞ്ചത്തോടൊക്കെയുമുള്ള സകലമാന ബന്ധങ്ങളിലും വന്ന മുറിവുകള്‍ ഈ നോമ്പുകാലാചരണം വഴി നാം സുഖപ്പെടുത്തണം.


ജീവിതവും, ജീവിതത്തിന്റെ നന്മകളും ദൈവത്തിന്റെ ദാനമാണെന്ന് നോമ്പ്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഒപ്പം വ്യക്തിത്തത്തിന്റെ നന്മകളും, ജീവിതത്തിന്റെ പരിരക്ഷണത്തിന്‌ ഉപകരിക്കുന്ന വിഭവശേഷിയും സ്വയം അനുഭവിച്ച്‌ തീര്‍ക്കുവാനുള്ളതല്ല. മറിച്ച്‌ പങ്കുവയ്ക്കുവാനുള്ളതാണ്‌. ധൂര്‍ത്തിന്റെയും, ആഡംബരത്തിന്റെയും, അധിനിവേശത്തിന്റെയും സംസ്കാരം നമ്മുടെ കാലഘട്ടത്തെ വിഷലിപ്തമാക്കുമ്പോള്‍ വ്രതശുദ്ധിയോടെയുള്ള നോമ്പ്‌ അപരനിലേയ്ക്ക്‌ തിരിയുന്ന കരുണയുടെ വാതിലായി നമ്മുടെ മുന്‍പിലുണ്ട്‌. അപരന്റെ വിശപ്പ്‌ എന്റെ വിശപ്പും അപരന്റെ ദാഹം എന്റെ ദാഹവുമായി മാറുന്ന നല്ല സമറിയാക്കാരനെയാണ്‌ നോമ്പ്‌ ഉറ്റുനോക്കുന്നത്‌. ആത്മനിയന്ത്രണത്തിന്റെ പുണ്യ ദിനങ്ങളാണ്‌ നോമ്പിന്റെ കാലം. മാനസാന്തരത്തിന്‌ യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കാനും, ദൈവമക്കളുടെ സ്വാതന്ത്ര്യത്തില്‍ ജീവിതത്തെ പുനരര്‍പ്പണം ചെയ്യാനും നോമ്പ്‌ നമ്മെ ഔദാര്യപൂര്‍വ്വം ക്ഷണിക്കുന്നു.


തപസ്സിന്റെ പുണ്യദിനങ്ങളിലാണ്‌ നാമിപ്പോള്‍. മോഹങ്ങളും ആസക്തികളും മാറ്റി ആത്മസംയമനവും ഇന്ദ്രിയനിഗ്രഹവും പുല്‍കാനും, ശരീരത്തേയും മനസ്സിനേയും സ്ഫുടം ചെയ്തെടുക്കാനുമുള്ള വ്രതശക്തി ഈ നോമ്പ്‌ കാലം നമുക്കോരോരുത്തര്‍ക്കും പ്രദാനം ചെയ്യട്ടെ.


4 comments:

  1. വളരെ നല്ല ചിന്തകള്‍.
    ഒത്തിരി ചിന്തിപ്പിച്ചു.
    ധ്യാനവിഷയമാക്കാന്‍ പറ്റിയ ആശയങ്ങല്‍ള്‍.
    നന്നായിരിക്കുന്നു.
    ഇനിയും നന്മകള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  2. Hello Joseph,

    Though I received mails from you before, I paid no attention to them. But today, when I went through it, I felt it as something touching and read all your works at a stretch. It seems to be meaningful and congrats for your hard work. Write more and more and be an inspiration to others.

    Regards,
    Justin Puthusseril,
    Abudabi

    ReplyDelete
  3. Sr. Jessy Jose FCC31 March 2009 at 21:42

    Liebe Bru. Joseph,

    Supper!!!!!! nicht müde werden Schreib weiter.
    Gottes Segen wünsche ich dir.

    ReplyDelete
  4. Hmmm....

    Grea8.

    ReplyDelete