ഞാന്‍ യാത്ര തുടങ്ങുകയാണു... ദര്‍ശനങ്ങള്‍ തേടി... വെറും ദര്‍ശനങ്ങളല്ല; മനുഷ്യഹൃദയത്തിലേയ്ക്കു തുളച്ചുകയറുന്ന, ശുദ്ധമായ സത്യങ്ങളിലേക്കെത്തിനില്‍ക്കുന്ന ദര്‍ശനങ്ങള്‍...
കൊടുക്കാറ്റു പോലെ ഇരമ്പിപ്പായുന്ന, മരുഭൂമി പോലെ വിഷാദാത്മകമായ, ശ്മശാനം പോലെ നിശഃബ്ദമായ മനുഷ്യജീവിതത്തെപ്പറ്റി ചിന്തിക്കുക; ചുഴികളും ഗര്‍ത്തങ്ങളുമുള്ള കാലമാകുന്ന നദിയുടെ മഹാപ്രവാഹത്തില്‍ ജീവിത തോണി ഊന്നുന്നവരുടെ കിനാവുകളുടെ ലോകത്തു മറ്റൊരു കിനാവായി മാറുക. ജീവിതത്തിന്റെ വഴികളില്‍ വിധിയൊരുക്കിയ വാരിക്കുഴിയില്‍ വീണുപോയ മനുഷ്യര്‍ നുകരുന്ന ഖേദത്തിന്റെ കയ്പുള്ള പാനീയത്തെ മധുരിക്കുന്ന പാല്‍പ്പായസമാക്കി മാറ്റുക. ഉള്ളില്‍ സ്നേഹസാഗരമിരമ്പുമ്പോഴും വിലക്കുകളും വേര്‍പാടുകളും വിധിയായ മനുഷ്യനു വഴിയമ്പലങ്ങള്‍ തീര്‍ക്കുക. യാദാദ്ധ്യങ്ങളുടെ ഭൂമിയില്‍ നിന്നുകൊണ്ട് അന്തമില്ലാത്ത ആകാശം കണ്ടു ആകുലപ്പെടുന്നവര്‍ക്ക് പകലിന്റെ സത്യങ്ങളും, പിന്നെ കുഞ്ഞോമനയുടെ കൊഞ്ചലുകളും, മുത്തശികധകളും ചൊല്ലിക്കൊടുക്കുക. ഇതെക്കെയാണെന്റെ ആശ.
ആന്തരിക സങ്കടങ്ങളെ തലയിലേറ്റി നില്‍ക്കുന്ന ആധുനിക മനുഷ്യര്‍... വിതുമ്പി വീഴുന്ന സ്വകാര്യതകള്‍... മനസ്സിന്റെ താഴ്‌വരയില്‍ ഉറഞ്ഞുകൂടുന്ന മഞ്ഞുകട്ടകളെന്നോണം മരവിക്കുന്ന സ്നേഹബന്ധങ്ങള്‍... ഇവയ്ക്കെല്ലാമിടയില്‍ ഒരു ചിത്രകാരന്‍ ഭൂപ്രകൃതിയെയെന്നതു പോലെ, മനുഷ്യപ്രകൃതി വരച്ചുകാണിക്കുന്ന, ഒരു ചിത്രകാരനാകാനാണെനിക്കിഷ്ടം. തെളിഞ്ഞ ജലവേഗങ്ങള്‍ക്കടിയിലെ ഇരുട്ടുപുതച്ച ശിലാസാനിദ്ധ്യങ്ങള്‍ പോലെ മനുഷ്യമനസ്സിലെ ഗഹനവനാന്തരങ്ങളെ തൊട്ടുതലോടുന്ന ഒരു ചിത്രകാരന്‍.
പാരമ്പര്യത്തിന്റെ ആര്‍ദ്രമായ അംശങ്ങളും ആധുനിക മൂല്യങ്ങളും തമ്മിലുള്ള സംഘര്‍ഷം എവിടെയോ ആരംഭിച്ച് എവിടെയോ അവസാനിക്കുന്നു. ഈ ജീവിതയാത്രയിലെപ്പോഴോ, സ്വാഭാവികമോ അപ്രതീക്ഷിതമോ ആയ സംഭവവികാസങ്ങള്‍ ഓരോരുത്തരേയും വഴിതിരിച്ചുവിടുന്നു. അങ്ങനെ വഴിത്തിരിവുകളുടെ കുരുക്കില്‍പെട്ട് സാഫല്യമടയാതെപോയ സ്വപ്നങ്ങലുടെ ചിതയില്‍ ആശകള്‍ തളിര്‍ത്ത് സ്വപ്നങ്ങള്‍ക്കു നിറം വയ്ക്കുന്ന മനുഷ്യബന്ധങ്ങളുടെ കധ പറയാനാണെന്റെ ശ്രമം. ഇവിടെ മിത്തുകളുടെ വാതില്‍ തുറക്കുകയാണു; ബാല്യത്തിലേയ്ക്ക്... മുത്തശിക്കധകളുടെയും അപ്പൂപ്പന്‍ താടിയുടെയും മഞ്ചാടിക്കിനാവുകളിലേയ്ക്ക്...
ആധുനിക മനുഷ്യന്റെ തീരാവേദനകളും, ഇരുട്ടിലെ രോദനങ്ങളും, സ്വപ്നത്തിനും സത്യത്തിനുമിടക്കുള്ള ധര്‍മ്മസങ്കടങ്ങളുമെല്ലാം കാരുണ്യത്തിന്റെ കണ്ണിയില്‍ വിളക്കിച്ചേര്‍ത്ത് ഭൂതകാലത്തിന്റെ ശബ്ദങ്ങളും വര്‍ണ്ണങ്ങളും വര്‍ത്തമാനത്തിലേയ്ക്കു തിരിച്ചുവരുന്ന കവിതകള്‍ പാടാനാണെന്റെ മോഹം.
അഗോചരമായ ജീവിതത്തിന്റെ നിഗൂഢതകളും നിഴല്‍പ്പാടുകളും തേടുന്നവനു, പുഴയിലൂടെ ഒഴുകി കടലിലെത്തുന്നതിനുമുന്‍പ് ഉള്ളംകൈയില്‍ സംഭരിച്ചുവച്ചിരിക്കുന്ന ദര്‍ശനങ്ങളുടെ ഏതാനും കണികകള്‍ അഴുക്കും, ദുഷ്ടും, പരുപരുപ്പും വേര്‍തിരിച്ച്, അഗ്നിയില്‍ ശുദ്ധിചെയ്ത്, പവിത്രീകരിച്ച് പങ്കുവയ്ക്കാനായാല്‍, കാലത്തിനു മുകളില്‍ ചിന്തയുടെ സൂര്യകാന്തിപൂ വിടര്‍ത്താനെനിക്കു സാധിച്ചാല്‍, മനുഷ്യമനസുകളിലേയ്ക്കുള്ള വാക്കുകളുടെ പ്രകാശജാലങ്ങള്‍ പണിയാന്‍ എനിക്കു കഴിഞ്ഞാല്‍ എന്റെ ദര്‍ശനങ്ങള്‍ സായൂജ്യമായി. ഈ ബ്ലോഗിലൂടെ അതിനു സാധിച്ചാല്‍ ഞാന്‍ ധന്യനുമായി. എന്റെ പ്രിയ കൂട്ടുകാരേ, നമുക്കൊരുമിച്ച് യാത്രയാവാം...ദര്‍ശനങ്ങള്‍ തേടി... നിത്യദര്‍ശനങ്ങളിലേയ്ക്ക്...
ഒരുവാക്കു കൂടി...
ഇതെന്റെ ആദ്യ ശ്രമമാണു. നിരീക്ഷണ പാടവങ്ങളോ, ക്രീയാത്മകവൈഭവങ്ങളോ ഉണ്ടെന്നുവരില്ല. പൊള്ളയായ പാണ്ഡിത്യ പ്രകടനങ്ങളും കപടഗൗരവങ്ങളും ആശയാവിഷ്ക്കാരത്തെ അവ്യക്തമാക്കിയേക്കാം... പൊന്‍പറകൊണ്ട് സ്നേഹമളന്നുനല്‍കിയ എന്റെ എല്ലാമെല്ലാമായ ഉറ്റവരേക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകളും എന്നെ ഞാനാക്കിമാറ്റിയ എന്റെ ജീവിതസാഹചര്യങ്ങളുമെല്ലാം ബ്ലോഗില്‍ വികലതകള്‍ വരുത്തിത്തീര്‍ത്തേക്കാം... കുട്ടിത്തത്തിന്റെ ചാപല്യങ്ങള്‍ സഹൃദയം ക്ഷമിച്ച് എന്നെ കൈപിടിച്ചുനടത്തുമെന്ന പ്രതീക്ഷയോടെ...
ഹും....
ReplyDeleteകണ്ടിട്ടാളത്ര ചെറുപ്പമല്ലല്ലോ...
വഴിയേ കാണാം...
എല്ലാവിധ ആശംസകളും.
hmmm...
ReplyDeleteVazhiye kaanaammm...
Best wishes
ReplyDelete