24 Apr 2008

അങ്കിള്‍ ഇനി വരില്ലേ...?

പഥികന്റെ ഓര്‍മ്മകളില്‍ പനിനീര്‍പ്പൂക്കള്‍ വിരിയുന്നു. ജീവിതത്തിന്റെ മരുഭൂമിയില്‍ സ്നേഹസാനിധ്യത്തിന്റെ മരുപ്പച്ചയായവരോടുള്ള കടപ്പാട്‌... ഒപ്പം സങ്കടത്തിന്റെ ഒരുപിടി തിരുഹൃദയപ്പൂക്കളും... കുറെ ജീവിതദര്‍ശനങ്ങള്‍ ബാക്കിനിര്‍ത്തി മരണമെന്ന യാഥാര്‍ത്ഥ്യത്തിനുവഴങ്ങി യാത്രചൊല്ലിപ്പിരിഞ്ഞ ഉറ്റവരോടുള്ള കണ്ണീര്‍പ്പൂക്കള്‍...!

കാലചക്രത്തിന്റെ കറക്കത്തിലെപ്പോഴോ, ക്ഷണികമായ ജീവിതത്തിലേയ്ക്ക്‌ ക്ഷണിക്കപ്പെടാതെ വന്നെത്തുന്ന അതിഥിയാണു മരണം. ജന്മാന്തരങ്ങളുടെ ഭ്രമണപഥത്തില്‍നിന്നും അതാരെ,എപ്പോള്‍ വേണമെങ്കിലും ഇറുത്തുമാറ്റാം. ഇതു പ്രപഞ്ചസത്യം. തോട്ടക്കാരന്‍ തനിക്കിഷ്ടമുള്ള പൂവിനെ ഈശ്വരസന്നിധാനത്തില്‍ സമര്‍പ്പിക്കുവാനായി ആദ്യം ഇറുത്തുമാറ്റുന്നതുപോലെ... ജനനമരണങ്ങളുടെ അനിശ്ചിതപ്രവാഹത്തില്‍ പണിതീരാത്ത വീടുകളും, പൂര്‍ത്തിയാക്കാത്ത ജീവിതദര്‍ശനങ്ങളും, ചെയ്തുതീര്‍ക്കാനാവാത്ത കടമകളും ജീവദാതാവില്‍ മടക്കിയേല്‍പ്പിച്ച്‌ വെറുംകയ്യോടെ യാത്രയാവുന്ന യാത്രികന്‍..., മരണത്തിനുമുന്‍പില്‍ പകച്ചുനില്‍ക്കുന്ന സഞ്ചാരി...

ഒരായിരം ചരമവാര്‍ത്തകള്‍ നമ്മില്‍ യാതൊരു വികാരവുമുണര്‍ത്താതെ കടന്നുപോവുകയാണു. എങ്കിലും ഉറ്റവരുടെ 'യാത്രാമൊഴികള്‍' ചുടുകണ്ണീരില്‍ ചാലിച്ചെഴുതിയ മരണമില്ലാത്ത ഒരു പറ്റം ഓര്‍മ്മകളുടെ ജാലകങ്ങള്‍ നമ്മുടെ മുന്‍പില്‍ തുറന്നിടുന്നു... അതെ! ഇപ്പോള്‍ എന്റെ ഓര്‍മ്മകളിലും ഒരു യാത്രാമൊഴിയുടെ നിസ്വനങ്ങള്‍ തിരയടിക്കുകയാണു. ജീവിതയാത്രയില്‍ സ്നേഹത്തിന്റേയും, സൗഹൃദത്തിന്റേയും പൊന്‍ കിരണങ്ങള്‍ വിരിയിച്ച്‌, ജീവിതസ്വപ്നങ്ങളുടെ മധ്യാഹ്നത്തില്‍ ചിറകറ്റുപോയ എന്റെ എല്ലാമെല്ലാമായ അങ്കിളിനെക്കുറിച്ചുള്ള ഓര്‍മ്മ...!!!


1995 - കളില്‍ കുടുംബത്തിന്റെ അന്നന്നത്തെ അപ്പത്തിനുവേണ്ടി, 'ദൈവത്തിന്റെ സ്വന്തം നാട്ടില്‍' നിന്നും 'അറബിദൈവങ്ങളുടെ' നാട്ടിലേക്ക്‌ അങ്കിള്‍ ചേക്കേറി. പ്രവാസഭവനത്തില്‍ അദ്ദേഹം തനിക്കായ്‌ ജീവിതദര്‍ശനങ്ങള്‍ മെനഞ്ഞു. 'അറബിദൈവങ്ങളും അറബിപ്പൊന്നും' അങ്കിളിനും മൂന്നംഗ കുടുംബത്തിനും അത്താണിയായി. അറബിദൈവങ്ങളുടെ കാരുണ്യത്താല്‍ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ സ്വഭവനത്തിലേയ്ക്ക്‌, പിറന്നമണ്ണിലേക്കൊരു മടക്കയാത്ര... രണ്ടു മാസത്തെ ഇടവേളക്കുശേഷം വീണ്ടുമൊരു തിരിച്ചുപോക്ക്‌... പ്രവാസഭവനത്തിലേയ്ക്ക്‌... ഇനിയും സഫലമാകാത്ത സ്വപ്നങ്ങള്‍ കരുപ്പിടിപ്പിക്കാന്‍...

ഓരോ മൂന്ന് വര്‍ഷത്തിലും അങ്കിളിനെ ഒരു നോക്കുകാണാന്‍ ഞാന്‍ കൊതിച്ചിരുന്നു; ആ സ്നേഹമൊന്നാസ്വദിക്കാന്‍, അങ്ങനെ ശൈശവ ബാല്യങ്ങളിലേയ്ക്കൊരു മടക്കയാത്ര നടത്താന്‍... ആ വരവിനായി ആറ്റുനോറ്റിരുന്നു. സെമിനാരി ജീവിതത്തിനിടയില്‍ ചിലപ്പോഴെങ്കിലും അങ്ങകലെ ചക്രവാളങ്ങള്‍ക്കുമപ്പുറം 'അറബിക്കഥകള്‍ക്കു' കാതോര്‍ക്കാന്‍ ഞാന്‍ കാത്തിരുന്നു. ആ ശബ്ദത്തിന്റെ മാധുര്യം ആസ്വദിക്കാന്‍...! ഓരോ മടങ്ങിവരവിലും മറ്റുള്ളവര്‍ക്കൊപ്പം വീട്ടില്‍ അന്യനെങ്കിലും എനിക്കും പ്രത്യേകമായെന്തെങ്കിലും കരുതാന്‍ അങ്കിള്‍ മറന്നിരുന്നില്ല. സ്കൂള്‍ ജീവിതത്തിനിടയിലെ 'സ്വര്‍ണ്ണ വാച്ചും', എനിക്കെന്നും പ്രിയെപ്പെട്ട 'ലെക്സെസ്‌ റ്റീ ഷര്‍ട്ടും', 'ബജാജ്‌ ബേബീഫാനും' അവയില്‍ ചിലതുമാത്രം. അവസാനമായി സമ്മാനിച്ച 2004 - ലെ 'ജാസ്മിന്‍ റോയല്‍ പെര്‍ഫ്യൂം' ഓര്‍മ്മകളില്‍ സുഗന്ധമാകുന്നു. അങ്കിളിന്റെ അടുത്ത സമ്മാനത്തിനായുള്ള കാത്തിരിപ്പ്‌ ഇന്നുമെന്റെ കണ്ണുകളെ ഈറനണിയിക്കുന്നു. ഇപ്പോഴും എന്റെ ഓര്‍മ്മകളുടെ അന്തരീക്ഷത്തില്‍ നിറയുന്നു.

2007 മെയ്‌ - കരകാണാക്കടലുകള്‍ക്കുമപ്പുറത്തുനിന്നും കൈനിറയെ കാണാപ്പൊന്നുമായ്‌ മടങ്ങിവരുന്ന എന്റെ അങ്കിളിനെ വരവേല്‍ക്കാന്‍ കാത്തിരുന്നു. പക്ഷേ... എയര്‍പോട്ടില്‍നിന്നും കൈവീശി പുഞ്ചിരിയുമായി അങ്കിള്‍ വന്നില്ല. ആരോടും ഒന്നും പറയാതെ ഒരു യാത്രാമൊഴി ചൊല്ലാതെ അങ്കിള്‍ പോയി... അങ്ങ്‌ ദൂരെ ഏഴാം കടലുകള്‍ക്കുമപ്പുറത്തേക്ക്‌... ചക്രവാളങ്ങള്‍ക്കുമപ്പുറത്തേക്ക്‌...! മെയ്‌ രണ്ടാം തിയതി ഉറ്റവരേയും കുടുംബാംഗങ്ങളെയും തേടിയെത്തിയത്‌ അങ്കിളിന്റെ ചലനമറ്റ ശരീരമായിരുന്നു. 2007 ഏപ്രില്‍ 24 നു പ്രവാസഭൂമിയായ മസ്കറ്റില്‍ റോഡപകടത്തിലായിരുന്നു അങ്കിളിന്റെ മരണം. ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയിരുന്നു...

എന്റെ അങ്കിള്‍ ഇഹലോകവാസം വെടിഞ്ഞിട്ട്‌ ഇന്ന് (24 ഏപ്രില്‍ 2008) ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണു. അങ്കിളിനോട്‌ അന്ത്യയാത്ര പറയാന്‍പോലും എനിക്കായില്ലല്ലോ എന്ന ചിന്ത ഇന്നുമെന്നെ അലട്ടുന്നു. ഒപ്പം മനസിന്റെ മണിച്ചെപ്പില്‍ കാത്ത്‌ സൂക്ഷിക്കുന്ന ഒരായിരം മരിക്കാത്ത സ്മരണകളും... ശൈശവ,ബാല്യ,കൗമാര കാലഘട്ടങ്ങളില്‍ അപ്പൂപ്പന്‍ താടിയുടേയും മഞ്ചാടിക്കിനാവുകളുടേയും മധുരസ്മരണകളിലേയ്ക്ക്‌... തുടര്‍ന്ന് പുസ്തകങ്ങളുടേയും പുത്തന്‍ നാമ്പുകളുടേയും ആചാര്യഭവനങ്ങളിലേയ്ക്കുള്ള തീര്‍ത്ഥയാത്രയില്‍ വഴിവിളക്കായി... പിന്നെ പൗരോഹിത്യജീവിതദര്‍ശനവഴികളില്‍ എന്നും പ്രാര്‍ത്ഥനയുടേയും പ്രചോദനത്തിന്റേയും കെടാവിളക്കുകള്‍ തെളിച്ചു കാത്തിരുന്ന, സഫലമാകാത്ത ഏറെ സ്വപ്നങ്ങള്‍ ബാക്കിയാക്കി രണ്ടാംജന്മത്തിലേയ്ക്കു നടന്നകന്നുപോയ എന്റെ പ്രിയപ്പെട്ട അങ്കിള്‍, അങ്ങയോട്‌ ഞാനെന്നും കടപ്പെട്ടിരിക്കുന്നു...!

ജീവിതവഴികളില്‍ പതിയിരിക്കുന്ന മരണമെന്ന സത്യത്തിനുമുന്‍പില്‍ സഫലമാകാത്ത ജീവിതദര്‍ശനങ്ങളും, കൊഴിഞ്ഞുപോയ കിനാവുകളും, പറഞ്ഞുതീരാത്ത സത്യങ്ങളും, കണ്ടുതീരാത്ത സ്വപ്നങ്ങളും, പങ്കുവയ്ക്കാന്‍ കഴിയാതെപോയ സൗഹൃദങ്ങളും, കൊതിതീരാത്ത ആശകളും ബാക്കിനിര്‍ത്തി യാത്രയായ അങ്കിളിനു ഒരായിരം പ്രണാമങ്ങള്‍... ഒപ്പം ആത്മാവിനു നിത്യശാന്തിയും...!!!
രണ്ടാംജന്മത്തില്‍ ഒരുമിക്കുമെന്ന പ്രത്യാശയോടെ...

മരണമെന്ന മഹാസത്യത്തിനുമുന്‍പില്‍ പകച്ചുനില്‍ക്കുന്ന സഞ്ചാരിക്ക്‌ മരണത്തിനുമുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന ജീവനേക്കുറിച്ച്‌ ഒരായിരം ദര്‍ശനങ്ങളുണ്ടാവണം... അത്യുന്നതങ്ങളിലേയ്ക്കെത്തിനില്‍ക്കുന്ന നിത്യദര്‍ശനങ്ങള്‍...!!!


(തുടരും)

5 comments:

 1. മരണത്തിലും യാത്ര തുടരേണ്ടവരാണ് സഞ്ചാരികള്‍... അങ്കിള്‍ എവിടെയും പോയിട്ടില്ല... നമ്മള്‍ അങ്കിളിന്റെയടുത്ത് എത്തിയിട്ടില്ല എന്ന് ചിന്തിക്കാനാണെനിക്കിഷ്ടം.
  എന്റേയും വളരെ വേണ്ടപെട്ടവരുണ്ട് അവിടെ.
  അപ്പോ പിന്നെ കാണാം... ബൈ.

  ReplyDelete
 2. പ്രിയ സഞ്ചാരി...
  മരണത്തിലും യാത്ര തുടരേണ്ടവരാണു സഞ്ചാരികള്‍ എന്ന ആശയത്തോട്‌ ഞാനും യോജിക്കുന്നു. മരണമെന്ന മഹാസത്യത്തിനുമുന്‍പില്‍ പകച്ചുനില്‍ക്കുന്ന സഞ്ചാരിക്ക്‌ മരണത്തിനുമുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന ജീവനേക്കുറിച്ച്‌ ഒരായിരം ദര്‍ശനങ്ങളുണ്ടാവണം... അത്യുന്നതങ്ങളിലേയ്ക്കെത്തിനില്‍ക്കുന്ന നിത്യദര്‍ശനങ്ങള്‍...!!! എന്നെഴുതി അവസാനിപ്പിക്കാതെ അവസാനിപ്പിച്ചതും അതുകൊണ്ടുതന്നെ.. (തുടരും എന്നെഴുതിയിരിക്കുന്നതു കാണുക)... മരണത്തിനു ശേഷമുള്ള 'രണ്ടാംജന്മത്തെ' തുടര്‍ച്ചയില്‍ കാട്ടാമെന്നുദ്ദേശിച്ചു... പോസ്റ്റിന്റെ നീളം കുറക്കുക എന്നത്‌ മാത്രമായിരുന്നു ഉദ്ദേശം... സഞ്ചാരിയുടെ ചിന്തയ്ക്ക്‌ ഒത്തിരി നന്ദി... മാര്‍ഗദര്‍ശനങ്ങള്‍ക്കും...

  ReplyDelete
 3. VERY NICE DEAR..............
  CONTINUE..... GOD WILL BLESS YOU WITH ALL THE BLESSINGS..........
  ALL THE BEST DEAR............

  ReplyDelete
 4. Valare pachayaaya avatharanam...
  Thikachum arthapoornam.. Asayasampushtam...,
  'Thudarcha'kkayi kaathirikkunnu.. Athikam thaamasippikkalle..

  othiri snehathode,
  Anoop Kavalakkattu

  ReplyDelete
 5. Dear Jins, Anoop...
  comments nu othiri nanni...
  Anoop athikam thamasikkathe thanne 'thudarcha' undaakum.. (may be on 6th). kaathirippinu nanni...

  thanks a lot

  ReplyDelete