രണ്ടാം ഭാഗം (ഒന്നിവിടെ)
പഠനം ഇന്ന് കുട്ടികള്‍ക്ക് വല്ലാത്തൊരു അഗ്നിപരീക്ഷയാണു. ഈ രംഗത്തെ കടുത്ത മത്സരം കുട്ടികളെ വല്ലാതെ വലയ്ക്കുന്നു. സിലബസ് മിക്കവാറും വളരെ വിപുലമാണു. മനസ്സിലൊതുക്കാനവര്‍ ക്ലേശിക്കുന്നു. പരീക്ഷ അവര്‍ക്കൊരു പേടിസ്വപ്നം തന്നെ. മാര്‍ക്ക് കാണിക്കാത്തതിന്റെ പേരില്‍ അമ്മ വഴക്കുപറഞ്ഞതിനു വിഷം കഴിച്ചു മരിച്ച ആറ്റിങ്ങലെ അഞ്ചാം ക്ലാസ്സുകാരന്‍, രക്ഷകര്‍ത്താവിന്റെ ഒപ്പോടെ പ്രോഗ്രസ്സ് കാര്‍ഡ് മടക്കിയേല്‍പ്പിക്കാത്തതിനു അമ്മയെ സ്കൂളിലേയ്ക്ക് വിളിപ്പിച്ചപ്പോള്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച വയനാട്ടിലെ എട്ടാം ക്ലാസ്സുകാരി; മൂന്നാംവര്‍ഷ എം.ബി.ബി.എസ് പരീക്ഷയില്‍ ഒരു വിഷയത്തിനു തോറ്റതിനു 'സ്വന്തം ഇഷ്ടത്താല്‍ മരിയ്ക്കുന്നു' എന്നെഴുതിവച്ച് ഫാനില്‍ തൂങ്ങിമരിച്ച വൈദ്യശാസ്ത്രവിദ്യാര്‍ത്ഥി; അദ്ധ്യാപക പീഡനമാരോപിച്ച് അത്മഹത്യ ചെയ്ത ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍... ഇങ്ങനെ എത്രയെത്ര പേര്‍ പഠനത്തിനു മുന്നില്‍ ജീവിതം അടിയറവ് വയ്ക്കുന്നു. 2006 - ല്‍ പരീക്ഷയില്‍ തോറ്റതിനു ആത്മഹത്യ ചെയ്തവര്‍ 396 എന്നാണു ഔദ്യോഗിക കണക്ക്.
വസ്തുതകള്‍ കാര്യകാരണസഹിതം അപഗ്രഥിച്ച്, ജീവിതത്തെ എങ്ങനെ വിലയിരുത്താം, എങ്ങനെ പക്വമായ തീരുമാനങ്ങളെടുക്കാം എന്ന് കുരുന്നുകളെ പഠിപ്പിക്കുന്നതില്‍ മാതാപിതാക്കളും, സമൂഹവും പരാജയപ്പെടുന്നു എന്നല്ലേ ഇതില്‍ നിന്നൊക്കെ മനസ്സിലാക്കേണ്ടത്? അവരെ ഒപ്പമിരുത്തി, ജീവിതപ്രശ്നങ്ങള്‍ മനസ്സിലാക്കി, അവ നേരിടുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ചൂണ്ടിക്കാട്ടി, പ്രത്യാശാപൂര്‍ണ്ണവും ശോഭനവുമായൊരു ജീവിതരേഖ വരച്ചുകാണിക്കാന്‍പോന്ന ക്ഷമയും സമയവമുള്ളവരാകണം മാതാപിതാക്കള്‍.
1998 -ല്‍ വൈക്കത്തെ ഒരു കോളേജിലെ രണ്ട് പെണ്‍കുട്ടികള്‍ പിറവമടുത്ത് ട്രെയിനില്‍ തലവച്ച് മരിച്ചത് പ്രേമബന്ധത്തിന്റെ പേരില്‍ കൂട്ടുകാര്‍ കളിയാക്കിയതിനാണു.
പഠനമോ, വിവാഹമോ, വീടുപണിയോ, ജീവിതസൗകര്യങ്ങളോ... എന്തുമാവട്ടെ, എല്ലാത്തിനെക്കുറിച്ചും കൃത്യമായ പദ്ധതിയുണ്ടാവണം. വിവേകപൂര്‍ണ്ണമായ പദ്ധതി. തല മറന്നെണ്ണ തേക്കരുത് എന്നത് പഴം പുരാണമല്ല. എന്നും സജീവമായ യാഥാര്‍ത്ഥ്യം. നമ്മുടെ സ്വപ്നങ്ങളുടെ അതിര്‍ത്തി ആകാശമാവാം. എന്നാല്‍ അര്‍ഹിക്കാത്ത മോഹങ്ങളും അന്തമില്ലാത്ത പകല്‍ക്കിനാവുകളും അപകടകരമാകുന്നു.
മക്കളില്‍നിന്ന് കഴിവില്‍കൂടുതല്‍ ആവശ്യപ്പെടരുത്. പരീക്ഷയില്‍ മാര്‍ക്കുകുറഞ്ഞതുകൊണ്ടോ, തോറ്റതുകൊണ്ടോ ആരും ജീവിതത്തില്‍ തോല്‍ക്കണമെന്നില്ല. സിദ്ധികളും കഴിവുകളും വിവേചിച്ച് പ്രോത്സാഹിപ്പിച്ചാല്‍ അവര്‍ വിജയിച്ചുകൊള്ളും. അതിനാല്‍ കുരുന്നുകളെ യഥോചിതം പ്രോത്സാഹിപ്പിക്കാനും, സൗമ്യതയോടെ നേര്‍വഴികാണിക്കാനും മാതാപിതാക്കളും സമൂഹവും മനസ്സുകാട്ടണം.
കല്‍പ്പനകളുടേയും നിര്‍ദ്ദേശങ്ങളുടേയും സ്വരത്തില്‍ ഒറ്റവാക്യത്തിലുള്ള വിലക്കുകള്‍ മക്കളുടെ പ്രതിഷേധം ജ്വലിപ്പിക്കുകയേയുള്ളൂ. ഇന്നിപ്പോള്‍ ഒരു കാര്യത്തിലും അവര്‍ 'നോ' എന്ന ഉത്തരം പ്രതീക്ഷിക്കുന്നില്ല. അതിനാല്‍ ചില സാഹചര്യങ്ങളില്‍ അങ്ങനെ കേള്‍ക്കുമ്പോള്‍ അവര്‍ പൊട്ടിത്തെറിക്കുന്നു. വിലക്കുകള്‍ക്കുമുന്‍പില്‍ തിരിച്ചടിക്കുള്ള വഴി തേടുന്ന അപക്വമനസ്സുകള്‍ മാതാപിതാക്കളെ ശിക്ഷിക്കുവാന്‍ കണ്ടെത്തുന്ന ക്രൂരവും ശക്തവുമായ വഴിയാണു ആത്മഹത്യ.
കുടുംബബന്ധങ്ങളുടെ ശൈഥില്യം കുട്ടികളെ ആത്മഹത്യയിലേയ്ക്ക് നയിക്കുന്ന ശക്തമായൊരു പ്രേരണയാണു. കുട്ടികള്‍ സ്വച്ഛതയോടും, സ്വാതന്ത്ര്യത്തോടും, ഭദ്രതാബോധത്തോടുംകൂടെ കളിച്ചും പഠിച്ചും വളരുന്ന കുടുംബാന്തരീക്ഷം നമുക്കിന്ന് അന്യമായിരിക്കുന്നു. കൂട്ടുകുടുംബങ്ങള്‍ ഇന്ന് ന്യൂക്ലിയര്‍ കുടുംബത്തിനു വഴിമാറിയിരിക്കുന്നു. അവിടെ കളിച്ചുവളരാന്‍ കൂട്ടുകാരില്ല. ഇണങ്ങിയും പിണങ്ങിയും വ്യക്തിത്വം രൂപപ്പെടുത്താന്‍ സാഹചര്യമില്ല. ബന്ധുസംഗമങ്ങളും മനുഷ്യസംഗമങ്ങളും കുറഞ്ഞുവരുന്നു. എന്തിനേറെ... ഉദ്യോഗസ്ഥരായ അച്ഛനും അമ്മയോടുമൊപ്പം വീട് അന്തിയുറങ്ങാനുള്ള ഒരിടം മാത്രമായിത്തീര്‍ന്നിരിക്കുന്നു.
ഇതിന്റെ മറുവശത്ത് കുട്ടികളെ ലോലമനസ്ക്കരാക്കുന്ന ഒരു രീതി മിക്ക മാതാപിതാക്കളും ആവര്‍ത്തിച്ചു പോരുന്നുണ്ട്. "നമ്മളനുഭവിച്ച ബുദ്ധിമുട്ടുകളൊന്നും നമ്മുടെ മക്കള്‍ക്കുണ്ടാകരുത്; നമുക്ക് കിട്ടാതെപോയ സാഹചര്യങ്ങളൊക്കെ അവര്‍ക്കുകിട്ടണം" എന്ന ചിന്ത അവരുടെ സഹജമായ ബലഹീനതയാണു. തന്മൂലം വേണ്ടതും, വേണ്ടാത്തതും, ചോദിക്കുന്നതും, കേള്‍ക്കുന്നതുമെല്ലാം ആവശ്യങ്ങളെന്തന്നറിയാതെ നല്‍കുന്നു. ഒരു ക്ലേശവും അറിയാത്ത മക്കള്‍ ഒന്നിനും കൊള്ളാത്തവരായി വളര്‍ന്നുവരുന്നു.
ആത്മഹത്യചെയ്യുന്നവരില്‍ ഭൂരിഭാഗവും സൂചനകള്‍ നല്‍കാറുണ്ട്. അവ വിവേചിക്കുന്നതില്‍ സമൂഹം പലപ്പോഴും പരാജയപ്പെടുന്നു. ഒളിച്ചോട്ടം, കൃത്യവിലോപം, അലസത, അകാരണമായ കോപം, അസാധാരണമായ രീതികള്‍. കടുംകൈ ചെയ്യുമെന്ന ഭീക്ഷണി, വീട്ടിലും കൂട്ടുകാരില്‍നിന്നുമുള്ള അകല്‍ച്ച, സന്തോഷാനുഭവങ്ങളോടുള്ള നിസംഗത, തന്നെ ഒന്നിനും കൊള്ളില്ലെന്ന തോന്നല്‍, അപകടങ്ങളെ സ്നേഹിക്കുന്ന മനസ്സ്, ജീവിതത്തോടുള്ള വിരക്തി, പെരുമാറ്റത്തിലെ താളപ്പിഴകള്‍, എന്നിവയെല്ലാം മാതാപിതാക്കള്‍ ശ്രദ്ധിച്ചേ മതിയാവൂ...
ആത്മഹത്യയ്ക്ക് തുനിയുന്നവരെ സഹായിക്കാന്‍ പലപ്പോഴും നമുക്ക് കഴിയും. അലിവും കനിവുമുള്ള വാക്കും പെരുമാറ്റവും ഒരുവനെ ജീവിക്കാന്‍ പ്രേരിപ്പിച്ചേക്കാം. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം ജീവിതത്തില്‍ സുപ്രധാനമാണു. സ്നേഹവും പരിഗണനയും കൂടെക്കൂടെ വെളിപ്പെടുത്താന്‍ അച്ഛനമ്മമാര്‍ക്ക് വൈമനസ്യമുണ്ടാകരുത്. അത് മക്കളില്‍ ആത്മാഭിമാനം വളര്‍ത്തും. വഴിതെറ്റിയ ചിന്തകള്‍ക്ക് അപ്പോള്‍ അവരുടെ മനസ്സില്‍ സ്ഥാനമുണ്ടാകില്ല.
(അവസാനിച്ചു)
NICE DEAR VERY NICE
ReplyDeleteI HAVE READ EVRYTHING VERY NICE
IF YOU CAN GIVE SOME HEADINGS AND LINKS IT WOULD BE MUCH BETTER
This comment has been removed by the author.
ReplyDelete