24 May 2008

ദൈവാശ്രയം...!

ഹൈന്ദവ പുരാണത്തിലെ ശക്തമായ ഒരു കഥാപാത്രമാണു പാഞ്ചാലി. ഒരിക്കല്‍ ദുര്യോധനന്റെ ആജ്ഞയനുസരിച്ച്‌ ദുഷ്ടാഗ്രഗണ്യനായ ദുശ്ശാസ്സനന്‍ അന്തഃപുരത്തിലെത്തി രജസ്വലയും ഏകവസ്ത്രദാരിണിയുമായ പാഞ്ചാലിയെ തലമുടിക്കു പിടിച്ച്‌ വലിച്ചിഴച്ച്‌ രാജസഭയില്‍ കൊണ്ടുവന്ന് വസ്ത്രാക്ഷേപം ചെയ്യാന്‍ ശ്രമിച്ചു. തത്സമയം അവള്‍ ശ്രീകൃഷ്ണനെ വിളിച്ചു പ്രാര്‍ത്ഥിച്ചു എന്നും അദ്ദേഹത്തിന്റെ ശക്തിയാല്‍ നാണക്കേടില്‍നിന്നും രക്ഷപെട്ടു എന്നും പുരാണം വെളിപ്പെടുത്തുന്നു.

ഏറെ നാളുകള്‍ക്കുശേഷം പാഞ്ചാലി കൃഷ്ണനോട്‌ അല്‍പം പരിഭവം പറഞ്ഞു. "അല്ലയോ പ്രഭോ, അന്നു ഞാനങ്ങയെ എത്രനേരം വിളിച്ചു പ്രാര്‍ത്ഥിച്ചു. എന്തുകൊണ്ടാണു അങ്ങ്‌ ഉടനെ തന്നെ എത്തി എന്നെ രക്ഷിക്കാതിരുന്നത്‌?"

"അന്നു നീ എന്നെ, 'അല്ലയോ ദ്വാരകവാസന്‍ കൃഷ്ണാ' എന്നല്ലേ വിളിച്ചത്‌? ഞാന്‍ ദ്വാരകയില്‍നിന്നും ഹസ്തിനപുരിയിലെത്തി വേണമായിരുന്നില്ലേ നിന്നെ രക്ഷിക്കാന്‍? നീ 'മമഹൃദയവാസന്‍ കൃഷ്ണാ' എന്ന് വിളിച്ചിരുന്നെങ്കില്‍ ആ ക്ഷണത്തില്‍ തന്നെ നിന്നെ രക്ഷിക്കുമായിരുന്നു. അപ്പോള്‍ നിന്റെ ഹൃദയത്തില്‍ ഞാനില്ല എന്നാണു മനസ്സിലാകുന്നത്‌. വീണ്ടും നീ നിന്റെ രണ്ട്‌ കൈയ്യും ഉയര്‍ത്തി വേണമായിരുന്നു എന്നെ വിളിക്കാന്‍. പക്ഷേ നീ നിന്റെ ഒരു കൈ അഴിയുന്ന ചേലയുടെ തുമ്പില്‍ ബലമായി പിടിച്ചിരിക്കുകയായിരുന്നു. അപ്പോള്‍ നിന്നില്‍ പൂര്‍ണ്ണ സമര്‍പ്പണവും ഇല്ല."

കൃഷ്ണന്റെ ഈ വാക്കുകള്‍ നമ്മെ ചിന്തിപ്പിക്കേണ്ടതാണു. പ്രാര്‍ത്ഥിക്കുന്ന ഒരു ഭക്തന്റെ മനോഭാവം എന്തായിരിക്കണമെന്ന് കൃഷ്ണനിവിടെ വെളിവാക്കുന്നു. ദൈവത്തെ സ്വന്തഹൃദയത്തില്‍ വച്ച്‌ പൂജിക്കണം. പൂര്‍ണ്ണമായ അര്‍പ്പണ മനോഭാവത്തോടെ ആയിരിക്കണം നാം ദൈവസന്നിധിയില്‍ നില്‍ക്കേണ്ടത്‌. പാഞ്ചാലിയെപ്പോലെ, അകലെയെങ്ങോ, എന്നില്‍നിന്നും വിദൂരസ്ഥനായിരിക്കുന്ന ഒരു തമ്പുരാനെയല്ല നാം ഉപാസിക്കേണ്ടത്‌. എന്റെ തന്നെ ഉള്ളിന്റെയുള്ളില്‍ വസിക്കുന്ന ഈശ്വര ചൈതന്യത്തെയാണു നാം അറിയേണ്ടതും, കണ്ടെത്തേണ്ടതും, പ്രാര്‍ത്ഥിക്കേണ്ടതും. ആത്മനവീകരണത്തിലൂടെയാണു നമ്മുടെ ഉള്ളിലെ ദൈവത്തെ നാം കണ്ടെത്തുന്നത്‌. യേശുവിന്റെ പ്രബോധനങ്ങളുടെ അന്തഃസത്ത ഈ ആത്മനവീകരണത്തിന്റെ ആവശ്യകതയിലേയ്ക്ക്‌ നമ്മെ നയിക്കാന്‍ പോരുന്നതാണു.

പൂര്‍ണ്ണമായ അര്‍പ്പണം; ആദിക്രിസ്ത്യാനികളേപ്പോലെ, സഭയുടെ വിശുദ്ധ താരങ്ങളേപ്പോലെ, രക്തസാക്ഷികളേപ്പോലെ തങ്ങളേയും തങ്ങള്‍ക്കുള്ളതിനെ മുഴുവനേയും ദൈവസന്നിധിയില്‍ അര്‍പ്പിക്കാന്‍ നമുക്ക്‌ കഴിയണം. മുഴുവന്‍ ആശ്രയവും അവിടുന്നില്‍ വയ്ക്കാതെ, അവിടുത്തേയ്ക്ക്‌ പൂര്‍ണ്ണമായും വിട്ടുകൊടുക്കാതെ കുറേയെല്ലാം നമ്മുടേതായിത്തന്നെ സൂക്ഷിക്കുമ്പോള്‍ പാഞ്ചാലിയുടെ അവസ്ഥ നമുക്കുമുണ്ടാകും. 'ദൈവമേ, ഞാന്‍ മുഴുവന്‍ നിന്റേതാണു' എന്നു പറഞ്ഞുകൊണ്ട്‌ തമ്പുരാന്റെ മുന്നില്‍ പൂര്‍ണ്ണമായി അര്‍പ്പിക്കാന്‍ നമുക്ക്‌ കഴിയണം. 'ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ' എന്നു പറഞ്ഞുകൊണ്ട്‌ ദൈവഹിതത്തിനായി തന്നെത്തന്നെ വിട്ടുകൊടുത്ത പരിശുദ്ധ അമ്മയുടെ മാതൃക നമുക്കെന്നും പ്രചോദനമായിരിക്കട്ടെ. ഒപ്പം അമ്മയുടെ വണക്കമാസമായ മെയ്‌ മാസം അനുഗ്രഹങ്ങളുടെ മാസമായിത്തീരട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഈലോക സമ്പത്തിലും, സുഗഭോഗങ്ങളിലും മനസ്സും ശരീരവും അര്‍പ്പിക്കാതെ ജീവിച്ചാല്‍ അമ്മയേപ്പോലെ നമുക്കും ശാന്തിയും, സമാധാനവും അനുഭവിക്കാന്‍ സാധിക്കും. 'നിന്റെ സമ്പാദ്യമെവിടെയോ, അവിടെയായിരിക്കും നിന്റെ ഹൃദയവും' എന്ന യേശുവിന്റെ വാക്കുകള്‍ ഓര്‍ക്കുക. നമ്മുടെ സമ്പാദ്യം യേശുവിലാകട്ടെ; നമ്മുടെ സമ്പാദ്യം യേശുവാകട്ടെ...!

8 comments:

 1. good comparison... stylish presentation.

  ReplyDelete
 2. ഈശനിലാണെന്‍ വിശ്വാസം,
  കീശയിലാണെന്‍ ആശ്വാസം...
  ആധുനിക മനുഷ്യന്റെ സ്വഭാവസവിശേഷതകള്‍ പുരാണത്തിലെ പാഞ്ചാലിയിലൂടെ വരച്ചുകാണിച്ചിരിക്കുന്നു...
  വളരെ അര്‍ത്ഥവത്തായ അടിക്കുറിപ്പോടെ.
  വളരെ നന്നായിരിക്കുന്നു. ആശംസകള്‍.

  ReplyDelete
 3. നല്ല ശൈലി.,
  ശുദ്ധമായ ഭാക്ഷ.,
  സുന്ദരമായ അവതരണം.
  ഒപ്പം അര്‍ത്ഥവത്തായ ഒരു താരതമ്യ പഠനവും.
  നന്നായിരിക്കുന്നു..
  ആശംസകള്‍...!

  ReplyDelete
 4. ഹെയ്‌ ജോസഫ്‌...

  ഹൈന്ദവ മതത്തിലെ ദൈവങ്ങളേയും ക്രിസ്തുമതത്തിലെ ദൈവങ്ങളേയും തമ്മില്‍ താരതമ്യ പഠനം നടത്താന്‍ എങ്ങനെ സാധിക്കും.
  രണ്ടും തികച്ചും വ്യത്യസ്തമല്ലേ?
  ഹൈന്ദവ മതത്തിനു അതിന്റേതായ മഹിമയും ആഭിജാത്യവുമൊക്കെയില്ലേ...?

  ReplyDelete
 5. Sajan, Georgekutty, Vazhikaatti...

  Othiri nanni...

  ReplyDelete
 6. പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത എന്റെ പ്രിയ കൂട്ടുകാരാ...
  ഞാനൊരിക്കലും ഹൈന്ദവമതത്തിനോ മറ്റൊരു മതത്തിനോ എതിരല്ല...
  എല്ലാ മതങ്ങളുടേയും മഹിമയും പാരമ്പര്യവും ഞാന്‍ അംഗീകരിക്കുന്നു... ആദരിക്കുന്നു...
  എല്ലാ മതങ്ങളും ഈശ്വരനിലേയ്ക്കുള്ള വ്യത്യസ്തമായ വഴികളാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു.
  അള്ളാഹുവിനുവേണ്ടി മറ്റുള്ളവരെ സ്നേഹിക്കാന്‍ പ്രേരിപ്പിക്കുന്ന ഇസ്ലാം മതവും,
  കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവനു കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാന്‍ സാധ്യമല്ലെന്ന് പഠിപ്പിക്കുന്ന ക്രിസ്തുമതവും,
  കാമാര്‍ത്ഥധര്‍മ്മങ്ങളിലൂടെ ഇഹലോകജീവിതം നയിച്ച്‌, പ്രേമംകൊണ്ട്‌ കര്‍മ്മത്തേയും, ഭക്തികൊണ്ട്‌ ദൈവമനുഷ്യ ബന്ധത്തേയും ക്രമപ്പെടുത്തി ബ്രഹ്മാവിനെ പുല്‍കാന്‍ വഴിനടത്തുന്ന ഹിന്ദുമതവുമെല്ലാം നമ്മെ കൊണ്ടെത്തിക്കുന്നത്‌ ഒരേ സത്യത്തിലേയ്ക്ക്‌ തന്നെയല്ലേ???

  ഇനിയും വരിക... ഈ വഴിയെ...

  ReplyDelete
 7. നന്ന്ദി.....നല്ല ചിന്തകള്‍ക്ക്....ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതിന്

  ReplyDelete
 8. നല്ല ചിന്തകള്‍ ബ്രദര്‍ ജോസഫ്.ഇത്ര സഹിഷ്ണതയോടെ മറ്റു മതങ്ങളെക്കാണാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെങ്കില്‍ ഈ ലോകം തന്നെ എത്ര മാറിപ്പോയേനേ !

  ReplyDelete