10 May 2008

'എ ബുക്ക്‌ മിസ്പ്ലൈസെഡ്‌ ഈസ്‌ ലോസ്റ്റ്‌...!'

ഗ്രന്ഥശാലകള്‍ നമുക്കെന്നും സുപരിചിതങ്ങളാണു. അറിവിന്റെ ആഴങ്ങളിലേയ്ക്ക്‌ വഴിനടത്തുന്ന പുസ്തകങ്ങളുടെ ലോകത്തെ സ്നേഹിക്കുന്നവരാണു നാമെല്ലാം. ജനനമരണങ്ങളുടെ കഥയും, പ്രപഞ്ചസൃഷ്ടിയും, നക്ഷത്രങ്ങളുടെ എണ്ണവും, സമുദ്രത്തിന്റെ ആഴവും, ദൈവത്തിന്റെ വലിപ്പവുമെല്ലാം പുസ്തകങ്ങളിലൂടെ നാം വായിച്ചറിയുന്നു. നമുക്കൊരു ഗ്രന്ഥശാലയിലേക്ക്‌ യാത്രയാവാം. അവിടെ വ്യത്യസ്ത വിഷയങ്ങളേക്കുറിച്ച്‌ പ്രതിപാദിക്കുന്ന ചെറുതും വലുതുമായ അനേകം പുസ്തകങ്ങള്‍ ഓരോരോ അലമാരികളില്‍ നിരത്തിവച്ചിരിക്കുന്നു. അവയില്‍നിന്നും നമുക്കേറ്റവും ഇഷ്ടപ്പെട്ട 'ഒരു മയില്‍പ്പീലിക്കിനാവ്‌' രജിസ്റ്ററില്‍ നോക്കി അല്‍പ്പസമയത്തിനുള്ളില്‍ തപ്പിയെടുക്കുമ്പോള്‍ അറിവിന്റെ മഹാസാഗരം നമ്മുടെ കൈക്കുമ്പിളിലൊതുങ്ങുന്നപോലെ...! വായനയ്ക്കുശേഷം ആ പുസ്തകം നാം ശ്രദ്ധക്കുറവുമൂലം അതേ ഗ്രന്ഥശാലയിലെ മറ്റൊരു അലമാരിയില്‍ ഉപേക്ഷിച്ചാല്‍ അനേകായിരങ്ങള്‍ക്കു പുതുജീവനേകേണ്ട ആ പുസ്തകം വരുംതലമുറയ്ക്ക്‌ എന്നേയ്ക്കുമായി നഷ്ടപ്പെടുന്നു.

മനുഷ്യജീവിതത്തേയും നമുക്കൊരു ഗ്രന്ഥശേഖരത്തോടുപമിക്കാം. ഗ്രന്ഥശാലയിലെ പുസ്തകങ്ങള്‍പോലെ ഒരുവന്റെ ജീവിതത്തിലേയ്ക്ക്‌ വ്യത്യസ്ത അളവിലും തരത്തിലുമുള്ള അനുഭവങ്ങള്‍ കടന്നുവരുന്നു. ഒപ്പം അവസരങ്ങളും... ഒന്ന് മറ്റൊന്നില്‍നിന്നും തികച്ചും വ്യത്യസ്തമാണു. ഹൃദയത്തിന്റെ അറകളില്‍ ഇവയോരോന്നിനേയും എവിടെ, എപ്പോള്‍, എങ്ങനെ പ്രതിഷ്ഠിക്കണമെന്ന് തീരുമാനിക്കേണ്ടത്‌ നീ തന്നെയാണു. നിന്റെ അനുഭവങ്ങള്‍ മുതല്‍ക്കൂട്ടുകളാണു. അനുഭവങ്ങളില്‍നിന്നും പഠിക്കുക. പ്രപഞ്ചസൃഷ്ടിയും ദൈവത്തിന്റെ വലിപ്പവുമളക്കാന്‍ പുസ്തകങ്ങള്‍ നിന്നെ സഹായിക്കുന്നതുപോലെതന്നെ നിന്റെ ജീവിതത്തിന്റെ താളവും അതിന്റെ ഒഴുക്കും അളന്നെടുക്കാന്‍ അനുഭവങ്ങള്‍ നിന്നെ പ്രാപ്തനാക്കണം. അവയില്‍നിന്നും ആരംഭിക്കുക. തെറ്റ്‌ തിരുത്താനും, മടങ്ങിവരാനും, ദര്‍ശനങ്ങള്‍കാണാനും നിന്റെ അനുഭവങ്ങള്‍ നിന്നെ സഹായിക്കട്ടെ. നിന്റെ ജീവിതം ഒരവസരമാണു. അവസരങ്ങള്‍ ആര്‍ക്കുവേണ്ടിയും കാത്ത്‌ നില്‍ക്കാറില്ല. ഗ്രന്ഥശാലയിലെ പുസ്തകങ്ങളിലേയ്ക്കിറങ്ങിച്ചെല്ലുന്നതുപൊലെ നിന്റെ അവസരങ്ങളിലേയ്ക്ക്‌ നീയിറങ്ങിച്ചെല്ലണം. നിനക്കാവശ്യമുള്ളതിനെ തിരഞ്ഞെടുത്ത്‌, ശുദ്ധീകരിച്ച്‌, നന്മയും തിന്മയും വേര്‍തിരിക്കണം. പിന്നെ ഗ്രന്ഥശാലയില്‍ പുസ്തകങ്ങള്‍ അലമാരിയില്‍ മടക്കിവയ്ക്കുന്ന താത്പര്യത്തോടെ ഓരോന്നിനേയും അതതിന്റെ അറകളിലാക്കാന്‍ ശ്രദ്ധിക്കുക . കാരണം ഒരിക്കല്‍ കൈവിട്ടുപോയാല്‍ പിന്നീടൊരിക്കലും എത്തിപ്പിടിക്കാനായെന്ന് വരില്ല. ഒരിക്കല്‍ തെറ്റിയാല്‍ പിന്നീട്‌ തെറ്റ്‌ തിരുത്താനും... സൂക്ഷിക്കുക... കാരണം 'എ ബുക്ക്‌ മിസ്പ്ലൈസെഡ്‌ ഈസ്‌ ലോസ്റ്റ്‌...!' ഫോര്‍ എവര്‍.

6 comments:

  1. നമുക്കൊരു ഗ്രന്ഥശാലയിലേക്ക്‌ യാത്രയാവാം. അവിടെ വ്യത്യസ്ത വിഷയങ്ങളേക്കുറിച്ച്‌ പ്രതിപാദിക്കുന്ന ചെറുതും വലുതുമായ അനേകം പുസ്തകങ്ങള്‍ ഓരോരോ അലമാരികളില്‍ നിരത്തിവച്ചിരിക്കുന്നു. അവയില്‍നിന്നും നമുക്കേറ്റവും ഇഷ്ടപ്പെട്ട 'ഒരു മയില്‍പ്പീലിക്കിനാവ്‌' രജിസ്റ്ററില്‍ നോക്കി അല്‍പ്പസമയത്തിനുള്ളില്‍ തപ്പിയെടുക്കുമ്പോള്‍ അറിവിന്റെ മഹാസാഗരം നമ്മുടെ കൈക്കുമ്പിളിലൊതുങ്ങുന്നപോലെ.

    ReplyDelete
  2. It's really nice connecting from libray to life.
    Our experiences are really attractive and at the same time so touching.
    I really appreciate your thoughts and all the best

    ReplyDelete
  3. പ്രിയപ്പെട്ട ജോസഫ്‌,
    ജനനമരണങ്ങളുടെ കഥയും, പ്രപഞ്ചസൃഷ്ടിയും, നക്ഷത്രങ്ങളുടെ എണ്ണവും, സമുദ്രത്തിന്റെ ആഴവും, ദൈവത്തിന്റെ വലിപ്പവുമെല്ലാം പുസ്തകങ്ങളിലൂടെ നാം വായിച്ചറിയുന്നു. പ്രപഞ്ചസൃഷ്ടിയും ദൈവത്തിന്റെ വലിപ്പവുമളക്കാന്‍ പുസ്തകങ്ങള്‍ നിന്നെ സഹായിക്കുന്നതുപോലെതന്നെ നിന്റെ ജീവിതത്തിന്റെ താളവും അതിന്റെ ഒഴുക്കും അളന്നെടുക്കാന്‍ അനുഭവങ്ങള്‍ നിന്നെ പ്രാപ്തനാക്കണം.
    വളരെ മനോഹരവും ആസ്വാദകവുമായിരിക്കുന്നു അങ്ങയുടെ ആശയങ്ങള്‍. ഗ്രന്ധശാലയിലെ അലമാരകളില്‍നിന്നും ഹൃദയത്തിന്റെ അറകളിലേയ്ക്കുള്ള ഒഴുക്ക്‌ മനോഹരമായിരിക്കുന്നു. അവതരണവും സൂപ്പര്‍. എല്ല്ലാവിധ ആശംസകളും.

    ReplyDelete
  4. ഡിയര്‍ തീര്‍ത്ഥാടകന്‍,
    അങ്ങയുടെ ദര്‍ശനങ്ങള്‍ മനോഹരമായിരിക്കുന്നു.
    ആശംസകള്‍... ഒപ്പം പ്രാര്‍ത്ഥനയും.

    ReplyDelete
  5. it is true...
    you are amazing with simple truths
    continue the same

    John

    ReplyDelete
  6. dear rathisugham, anonymous,koodapirappu, Sajeesh and John..
    Thanks a lot for your evaluation and please mind to come over here once in a while...

    ReplyDelete