6 May 2008

മരണം - ഒരു രണ്ടാം ജന്മം...!

യുടെ തുടര്‍ച്ച...)


ജനിമൃതികളുടെ വിളനിലമാണു ഭൂമി. ഇവിടെ ജനിക്കുന്നവര്‍ 'തീര്‍ത്ഥാടകഭവനത്തില്‍' യാത്ര തുടങ്ങുന്നു. ജനന മരണങ്ങള്‍ക്കിടയിലെ ജീവിതവഴികളില്‍ സ്നേഹവും സൗഹൃദവും പങ്കുവച്ച്‌ ഒടുവില്‍ യാത്രികര്‍ വിടചൊല്ലി മടക്കയാത്രയാവുന്നു. സ്വഭവനത്തിലേയ്ക്ക്‌... ഈശ്വരസാനിദ്ധ്യത്തിന്റെ ശ്രീകോവിലിലേയ്ക്ക്‌...! തഴച്ചുവളരുന്ന വൃക്ഷത്തില്‍ കൊഴിയുകയും, വീണ്ടും തളിര്‍ക്കുകയും ചെയ്യുന്ന ഇലകള്‍പോലെയാണു മനുഷ്യന്റെ തലമുറകള്‍; ഒരുവന്‍ മരിക്കുന്നു, മറ്റൊരുവന്‍ ജനിക്കുന്നു... തീര്‍ച്ചയായും അവര്‍ണ്ണനീയം തന്നെ ഈ പ്രപഞ്ചസത്യം...!


ഓരോ മരണവും ഓരോ മടക്കയാത്രയാണു. മര്‍ത്യതയില്‍നിന്നും അമര്‍ത്യതയിലേയ്ക്കുള്ള തിരിച്ചുനടപ്പ്‌. അങ്ങകലെ നീലാകാശങ്ങള്‍ക്കുമപ്പുറം മാലാഖമാരുടെ ഭവനത്തിലേയ്ക്ക്‌ പണ്ടെങ്ങോ കൈവിട്ടുപോയ നിധി തേടിയുള്ള യാത്ര. പരദേശഭൂമിയില്‍നിന്നും സ്വദേശത്തേയ്ക്ക്‌, തന്റെ പിതാവിന്റെ ഭവനത്തിലേയ്ക്കുള്ള മടക്കയാത്ര... നിന്റെ ഈ തിരിച്ചുപോക്ക്‌ പ്രഭാതത്തിന്റെ ഇളംകാറ്റിലോ, മദ്ധ്യാഹ്നത്തിന്റെ നിറവിലോ, പ്രദോഷത്തിന്റെ കുളിരിലോ ആയിരിക്കാം. അതിനെ നീ തിരിച്ചറിയണം. അതിലേയ്ക്കായി നീ ഒരുങ്ങിയിരിക്കണം...!

ഓരോ മരണവും ഓരോ പുനര്‍ജന്മമാണു, അമര്‍ത്യതയെ പുല്‍കുന്ന രണ്ടാംജന്മം. അമര്‍ത്യത ഹൃദയമന്ത്രമാക്കിയവന്റെ മടിയിലേയ്ക്കെത്തിനില്‍ക്കുന്ന കോവണിയാണത്‌. സ്വര്‍ഗ്ഗത്തിനും ഭൂമിക്കുമിടയില്‍ യാക്കോബിന്റെ സ്വപ്നകോവണിപോലെ...!

ഓരോ മരണവും ഓരോ സഞ്ചാരമാണു, അയാഥാര്‍ത്ഥ്യങ്ങളുടെ മരുഭൂമിയില്‍നിന്നും യാഥാര്‍ത്ഥ്യങ്ങളുടെ നീരുറവുകളിലേയ്ക്കുള്ള സഞ്ചാരം. വിദേശയാത്രകഴിഞ്ഞ്‌ മടങ്ങിയെത്തുന്ന പൊന്നോമനയെ വാത്സല്യത്തോടെ മാറോടണയ്ക്കാന്‍ നിറകണ്ണുകളുമായി കാത്തുനില്‍ക്കുന്ന മാതാവിന്റെ ചാരത്തേയ്ക്കുള്ള മൗനസഞ്ചാരമാണത്‌.

ഓരോ മരണവും ഓരോ അവസരമാണു. ജീവിച്ചിരിക്കുന്നവര്‍ക്ക്‌ തങ്ങളിലേയ്ക്കു തിരിഞ്ഞുനോക്കാന്‍ ഒരവസരം. കരിന്തിരി കത്തുന്ന ജീവിതവിളക്കില്‍ സ്നേഹസൗഹൃദങ്ങളാകുന്ന എണ്ണയൊഴിച്ച്‌ കൂടുതല്‍ ശോഭയോടെ പ്രകാശിക്കാന്‍ ഒരു പ്രചോദനം. പാളിപ്പോയ പദ്ധതികളെ കരുപ്പിടിപ്പിക്കാന്‍, അശുദ്ധമായ വ്യക്തിബന്ധങ്ങളെ പവിത്രീകരിക്കാന്‍ ഒരവസരം.

ഓരോ മരണവും ഓരോ ലയിച്ചുചേരലാണു. പ്രകൃതിസത്യങ്ങള്‍ക്ക്‌ കീഴ്‌വഴങ്ങി പ്രപഞ്ചസൃഷ്ടാവിലേയ്ക്കുളള ലയിച്ചുചേരല്‍... മരണംവഴി നിന്റെയുള്ളിലെ ജീവസ്രോതസ്സ്‌ പിത്രുവാത്സല്യത്തിന്റെ സ്നേഹസ്രോതസ്സുമായി ലയിച്ചുചേരണം... സമാധിയിലാവണം... അവിടെനിന്നും പ്രകാശത്തിന്റെ പുത്തന്‍ നാമ്പുകള്‍ മുളപൊട്ടണം - ഉയിര്‍ത്തെഴുന്നേല്‍ക്കണം - മരണത്തിനിനിമേല്‍ ഒരിക്കലും അവകാശമില്ലാത്തവനായി പുനര്‍ജനിക്കണം. അതാണു യഥാര്‍ത്ഥമരണം. അതുതന്നെ രണ്ടാം ജന്മവും...!

ഓരോ മരണവും ജീവിതത്തിന്റെ മറ്റൊരു മുഖമാണു. വാടകവീട്ടില്‍നിന്നും സ്വഭവനത്തിലെത്തിച്ചേരാനുള്ള തീഷ്ണതയോടെ അതിനായി അവന്‍ ഒരുങ്ങിയിരിക്കണം. പരദേശത്തുനിന്നും സ്വദേശത്ത്‌, പിതാവിന്റെ ഭവനത്തില്‍ എത്തിച്ചേരുന്നതോടെ അവന്റെ തീര്‍ത്ഥയാത്ര പൂര്‍ത്തിയാവുന്നു...!

ഓരോ മരണവും ഓരോ വിളിയാണു. മരണത്തിനുമപ്പുറം പ്രത്യാശയുടെ ഉയിര്‍പ്പിലേയ്ക്കെത്തിനില്‍ക്കുന്ന വിളി. ഉറക്കത്തിന്റെ മരവിപ്പില്‍നിന്നും ജീവന്റെ സപ്തവര്‍ണ്ണങ്ങളിലേയ്ക്കുണര്‍ന്നെഴുന്നേറ്റ്‌ പ്രകാശിക്കുവാനുള്ള വിളി. ഒപ്പം വിട്ടുകൊടുക്കലിന്റേയും അലിഞ്ഞുചേരലിന്റേയും ശൂന്യവല്‍ക്കരണത്തിന്റേയുമായ വിളി....

ഓരോ മരണവും ഉയിര്‍പ്പിലേയ്ക്കെത്തിനില്‍ക്കുന്നു. മരണമില്ലാതെ ഉയിര്‍പ്പില്ല. നെല്ല് ജീര്‍ണ്ണിക്കുന്നത്‌ കിളിര്‍ക്കാനാണു... അതുവഴി അനേകര്‍ക്കപ്പമാകാന്‍. അങ്ങനെ അതിനു മരണമില്ലായ്മ കൈവരുന്നു. സഹോദരനുവേണ്ടി മരിക്കുന്നവനും അങ്ങനെതന്നെ... തന്റെ മരണംവഴി അനേകരുടെ ഹൃദയങ്ങളില്‍ അവന്‍ ഉയിര്‍ക്കുന്നു. അതുകൊണ്ട്‌ പിന്നീടവനു മരണമില്ല. അങ്ങനെ അവന്‍ നിത്യമായ ജീവനിലാകുന്നു. നീ മരിക്കുന്നതും ഉയിര്‍ക്കാന്‍ തന്നെ... മരണമില്ലാത്ത പുനര്‍ജീവനിലേയ്ക്ക്‌ പ്രവേശിക്കാന്‍...!(1 തെസ: 4:14). ക്രിസ്തുവിന്റെ അനന്യത അവിടുത്തെ ജീവിതത്തിന്റേത്‌ മാത്രമല്ല; മരണത്തിന്റേയും കൂടിയാണു. അവന്റെ ഉയിര്‍പ്പിലേയ്ക്കനേകര്‍ ആകര്‍ഷിക്കപ്പെട്ടത്‌ ആ കുരിശിന്റെ വഴികളിലെ ലാവണ്യമൊന്നുകൊണ്ട്‌ മാത്രമാണെന്ന് പറയാതെ വയ്യ...!

ചരിത്രത്താളുകളില്‍ മരണത്തിനു കീഴടങ്ങിയവരില്‍ പലരും ഇന്നും മരിക്കാതെ ജീവിക്കുന്നത്‌ ജീവിതത്തിലെന്നതുപോലെ മരണത്തിലേയ്ക്കും അവര്‍ വിശ്വാസപൂര്‍വം നടന്നുനീങ്ങിയതുകൊണ്ടാണു. യേശുക്രിസ്തുവും, 'രണ്ടാം ക്രിസ്തുവായ' ഫ്രാന്‍സീസ്‌ അസീസിയും, ആദ്യത്തെ രക്തസാക്ഷിയായ എസ്തപ്പാനോസും, 'ലോകം മുഴുവന്‍ കീഴടക്കിയ' നെപ്പൊളിയനുമെല്ലാം അവരില്‍ ചിലര്‍ മാത്രം.ഇവരെല്ലാം മരണത്തെ മുഖാമുഖം ദര്‍ശിക്കാന്‍ ഒരുങ്ങിയിരുന്നവരാണു. "ദൈവമേ നീയെന്നെ നിനക്കായി സൃഷ്ടിച്ചു. ഇനി നിന്നിലെത്തുവോളം ഞാനസ്വസ്ഥനാകുന്നു" എന്ന് വിലപിച്ച വിശുദ്ധ അഗസ്തീനോസും മരണത്തെ നാമെത്രമാത്രം കാത്തിരിക്കണമെന്ന് പറഞ്ഞുതരുന്നു. ഈ മഹാത്മാക്കളെപ്പോലെ നമുക്കും മരണത്തിനായി എപ്പോഴും ഒരുക്കമുള്ളവരായിരിക്കാം. 'ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിലേയ്ക്ക്‌' ധൈര്യപൂര്‍വ്വം നടന്നടുക്കാം...! അങ്ങനെ അങ്ങകലെ ചക്രവാളങ്ങള്‍ക്കുമപ്പുറം മാലാഖമാരുടെ ഭവനത്തിലേയ്ക്ക്‌ പണ്ടെങ്ങോ കൈമോശം വന്നുപോയ നിധി തേടിയുള്ള 'തീര്‍ത്ഥയാത്ര'യ്ക്കു തുടക്കമാവുന്നു. ഒപ്പം പരദേശഭൂമിയിലെ തീര്‍ത്ഥയാത്രയ്ക്ക്‌ വിരാമവും...!

പോസ്റ്റ്‌ അല്‍പ്പം നീണ്ട്‌ പോയി എന്നറിയാം... ക്ഷമിക്കുക. മരണത്തെക്കുറിച്ചെഴുതുമ്പോള്‍ ചിന്തകള്‍ അനന്തതയിലേക്കുണരുന്നതുപോലെ...അസ്തമയത്തിന്റെ ആകാശങ്ങള്‍ നോക്കിയിരിക്കുമ്പോള്‍ സമയത്തെപ്പറ്റി അജ്ഞരാകുന്നതുപോലെതന്നെ...! മരണത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകളും പ്രതീക്ഷിക്കുന്നു.

6 comments:

 1. Valare nalla chinthakal...

  ReplyDelete
 2. dear joseph kalathil,
  congratulations....
  really it is great. from this i can understand onething,you are a person of ardent view about life...never stop your writting.all the best for your future..god bless you

  ReplyDelete
 3. 'ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിലേയ്ക്ക്‌' ധൈര്യപൂര്‍വ്വം നടന്നടുക്കാം...! അങ്ങനെ അങ്ങകലെ ചക്രവാളങ്ങള്‍ക്കുമപ്പുറം മാലാഖമാരുടെ ഭവനത്തിലേയ്ക്ക്‌ പണ്ടെങ്ങോ കൈമോശം വന്നുപോയ നിധി തേടിയുള്ള 'തീര്‍ത്ഥയാത്ര'യ്ക്കു തുടക്കമാവാം. തികച്ചും ചിന്തിപ്പിക്കുന്ന ആശയങ്ങള്‍... മരണത്തേക്കുറിചുള്ള അങ്ങയുടെ കാശ്ചപ്പാടുകള്‍ തികച്ചും മനോഹരമായിരിക്കുന്നു... ഇത്‌ വായിച്ചപ്പോള്‍ എന്റെ മരണെത്തെക്കുറിച്ചുള്ള അവ്യക്തമായ ആശയങ്ങള്‍ക്കല്‍പംകൂടി വ്യക്തത കൈവന്നതുപോലെ.
  ഇനിയും നല്ല നല്ല കത്തുകള്‍ പ്രതീക്ഷിക്കുന്നു. തുടരുക.
  എല്ലാ ആശംസകളും.

  സ്നേഹപൂര്‍വം

  ReplyDelete
 4. പ്രിയ ജോസഫ്‌..
  മരണത്തെക്കുറിച്ചുള്ള അങ്ങയുടെ കാഴ്ചപ്പാടുകള്‍ തികച്ചും വ്യത്യസ്തമായിത്തോന്നുന്നു.
  ഒപ്പം അനുകരണീയവും.
  സ്വര്‍ഗ്ഗത്തിനും ഭൂമിക്കുമിടയിലെ സ്വപ്നകോവണി മനോഹരമായിരിക്കുന്നു.
  തുടരുക.
  ആശംസകള്‍

  ReplyDelete
 5. Very good post dear
  All the best

  ReplyDelete
 6. Thanks a lot dear anonymous, bastian, georgekutty,anoop and vazhipokkan...
  Hope you will encourage and correct me whenever there is a need..

  ReplyDelete