8 Dec 2008

ഞാന്‍ അമലോത്ഭവയാണ്‌...

'പാപം കൂടാതെ ഉത്ഭവിച്ച മറിയമേ, സ്ത്രീകളില്‍ അനുഗ്രഹീതേ... ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ...'
ഇന്ന് പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവത്തിരുന്നാള്‍... സഭാമക്കള്‍ക്കേവര്‍ക്കും അമ്മയിലൂടെ തിരുസുതനിലേയ്ക്കണയാന്‍ ഒരു സുദിനംകൂടി. ആദിമാതാപിതാക്കളുടെ അനുസരണക്കേടിലൂടെ മരണം ഇരന്നുവാങ്ങിയ മനുഷ്യകുലത്തിനു രക്ഷ നല്‍കുവാനായി അവതരിച്ച ദൈവപുത്രന്‌ ജന്മമെടുക്കുവാന്‍ ദൈവത്താല്‍ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട കന്യകയായിരുന്നു മറിയം. അതുകൊണ്ടുതന്നെ വിലക്കപ്പെട്ട കനി ഭക്ഷിച്ച ആദിമാതാപിതാക്കളുടെ സന്താനപരമ്പരകള്‍ക്ക്‌ ശാപമായിക്കിട്ടിയ ഉത്ഭവപാപം അവളെ തീണ്ടിയില്ല. പാപക്കറ ലവലേശമേല്‍ക്കാതെ ദൈവമവളെ അമലോത്ഭവയായി സൃഷ്ടിച്ചു.

സര്‍പ്പത്തിന്റെ തല തകര്‍ത്തവളും നന്മനിറഞ്ഞവളുമായ കന്യകാമറിയം ഉത്ഭവപാപരഹിതയാണെന്നുള്ള വിശ്വാസസത്യം സാവധാനത്തിലാണ്‌ തിരുസഭയ്ക്ക്‌ തെളിവായത്‌. ഉത്ഭവപാപത്തിന്റെ സാര്‍വത്രികതയെ ഊന്നിപ്പറഞ്ഞവര്‍ക്ക്‌ മറിയത്തിന്റെ അമലോത്ഭവത്തെപ്പറ്റി ചിന്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. "ദൈവത്തിനാരേയും ഉത്ഭവപാപത്തില്‍നിന്ന് ഒഴിവാക്കാവുന്നതാണ്‌. ദൈവപുത്രന്‌ ജന്മമേകേണ്ട മറിയത്തെ പ്രസ്തുത നിയമത്തില്‍നിന്ന് ഒഴിവാക്കുവ ഉചിതമായിരുന്നതിനാല്‍, ഉചിതമായവ ചെയ്യുന്ന ദൈവം അവളെ അമലോത്ഭവയാക്കി സൃഷ്ടിച്ചു" എന്ന് പ്രശസ്ത ഫ്രാന്‍സിസ്കന്‍ ദൈവശാസ്ത്രജ്ഞനായ ഡണ്‍സ്കോട്ട്‌ പതിമൂന്നാം നൂറ്റാണ്ടില്‍ കുറിച്ചുവച്ചു. ഉത്ഭവപാപരഹിതയായ കന്യകയോടുള്ള അസൂയയാലാവാം മംഗളവാര്‍ത്തയുമായെത്തുന്ന ഗബ്രിയേല്‍ മാലാഖ 'ദൈവകൃപ നിറഞ്ഞവളെ' എന്നവളെ അഭിസംബോധന ചെയ്യുക.


രക്ഷപ്രാപിക്കപ്പെട്ട മനുഷ്യകുലത്തിന്റെ ഏറ്റവും മനോഹരമായ മാതൃകയാണ്‌ മറിയം. ലോകപ്രശസ്തനായ പ്രോട്ടസ്റ്റന്റു കവി വേഡ്സുവര്‍ത്ത്‌ 'പാപപങ്കിലമായ മനുഷ്യപ്രകൃതിയുടെ ഏക സ്തുതിപാത്രമേ' എന്ന് മറിയത്തെ അഭിസംബോധന ചെയ്തിരിക്കുന്നത്‌ ഈ സത്യം മനസ്സിലാക്കിയതിനാലാവാം.

1854 ഡിസംബര്‍ 08 ലെ 'അവര്‍ണ്ണനീയമായ ദൈവം' (Ineffabilis Deus) എന്ന തിരുവെഴുത്തുവഴി ഒമ്പതാം പീയൂസു മാര്‍പാപ്പാ അമലോത്ഭവസത്യം ഇങ്ങനെ നിര്‍വചിച്ചു: "അഖണ്ഡവും പരിശുദ്ധവുമായ ത്രിത്വത്തിന്റെ സ്തുതിക്കും കന്യകയായ ദൈവമാതാവിന്റെ മഹത്വത്തിനും അലങ്കാരത്തിനും കത്തോലിക്കാ വിശ്വാസത്തിന്റെ പുകഴ്ച്ചയ്ക്കും കത്തോലിക്കാ സഭയുടെ പ്രചാരത്തിനുമായി നമ്മുടെ കര്‍ത്താവീശോമിശിഹായുടേയും പത്രോസു പൗലോസു ശ്ലീഹന്മാരുടേയും നമ്മുടേയും അധികാരത്തോടുംകൂടെ നാം ആദ്യവസാനം ചെയ്യുകയും നിര്‍വചിച്ചു പ്രഖ്യാപിക്കുകയും ചെയ്യുന്നു. എത്രയും ഭാഗ്യപ്പെട്ട കന്യകാമറിയം ഉത്ഭവത്തിന്റെ പ്രഥമ നിമിഷം മുതല്‍ മനുഷ്യവംശത്തിന്റെ രക്ഷകനായ ഈശോമിശിഹായുടെ യോഗ്യതകളെ പ്രതി സര്‍വ്വശക്തനായ ദൈവം നല്‍കിയ പ്രത്യേക വരത്താലും ആനുകൂല്യത്താലും ഉത്ഭവപാപത്തിന്റെ സകല മാലിന്യത്തില്‍ നിന്നും സംരക്ഷിക്കപ്പെട്ടുവെന്നുള്ളത്‌ ദൈവം വെളിപ്പെടുത്തിയതും അതിനാല്‍ ഉറച്ചു വിശ്വസിക്കേണ്ടതുമാണ്‌."


മാര്‍പാപ്പയുടെ ഈ പ്രഖ്യാപനത്തെ ഉറപ്പിച്ചുകൊണ്ട്‌ 1858 മാര്‍ച്ച്‌ 25 ന്‌ ലൂര്‍ദ്ദില്‍ ദൈവമാതാവ്‌ വി.ബെര്‍ണദീത്തയ്ക്കു പ്രത്യക്ഷപ്പെട്ടു പറഞ്ഞു: "ഞാന്‍ അമലോത്ഭവയാണ്‌."


വാല്‍കഷണം:- പ്രിയ ബൂലോകരേ, നിങ്ങള്‍ക്കേവര്‍ക്കും അമലോത്ഭവത്തിരുന്നാളിന്റെ പ്രാര്‍ത്ഥനാനിര്‍ഭരമായ മംഗളങ്ങള്‍..

6 comments:

 1. This comment has been removed by the author.

  ReplyDelete
 2. Exellent It is!!!!!!!!!!!
  Coraggio:.......

  ReplyDelete
 3. Exellent!!!!!!!!!!!!!!!!

  ReplyDelete
 4. Exellent it is!!!!!!!!!!!!!!! corraggiooooooooo

  ReplyDelete
 5. Exellent it is!!!!!!!!!!!!!!!!
  Corraggio.............

  ReplyDelete
 6. Exellent it is::::..............
  corraggio!!!!!!!!!!!!!!!

  ReplyDelete