25 Dec 2008

അപ്പത്തിന്റെ വീട്ടിലേയ്ക്ക്‌...

"ദൂതന്‍ പറഞ്ഞു. നിങ്ങള്‍ ഭയപ്പെടേണ്ട... സകല ജനത്തിനുംവേണ്ടിയുള്ള ഒരു സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കാം... ഇന്നു ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായ്‌ ഒരു രക്ഷകന്‍, ക്രിസ്തു, പിറന്നിരിക്കുന്നു..." (Lk 2:10)

ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക്‌ സമാധാനത്തിന്റെ സുദിനമാണിന്ന്. അത്യുന്നതങ്ങളില്‍ കുടികൊള്ളുന്നവന്‍ ഭൂമിയില്‍ ഭൂജാതനായതിന്റെ ഓര്‍മ്മത്തിരുന്നാള്‍... തിരുപ്പിറവിയുടെ പുണ്യാചരണ ദിനം.അപ്പത്തിന്റെ വീട്ടില്‍ പിറവികൊണ്ടവന്റെ ജന്മദിനം നാമോരോരുത്തരുടേയും ജന്മദിനമാണ്‌... ഹാപ്പീ ക്രിസ്മസ്‌.

ഉണ്ണിയെ ധ്യാനിക്കുമ്പോള്‍ രക്ഷാകരസംഭവങ്ങള്‍ ധ്യാനിക്കാതെ വയ്യ. ആദിമാതാപിതാക്കളുടെ അനുസരണക്കേടുമൂലം മരണം സ്വായത്തമാക്കിയ മനുഷ്യവര്‍ഗ്ഗത്തിനു ഒരു രക്ഷകനെ ദൈവപിതാവ്‌ വാഗ്ദാനം ചെയ്തു. പ്രളയകാലത്തിനുശേഷം ചക്രവാളസീമകളില്‍ മിഴിതുറക്കുന്ന മഴവില്ലുപോലെ, പാപം മൂലം അധഃപതിച്ച മനുഷ്യകുലത്തിനു പ്രതീക്ഷയുടെ പൂര്‍ത്തീകരണമായ ദൈവപുത്രന്‍, ബെത്ലഹേമിലെ കാലിത്തൊഴുത്തില്‍ ജന്മമെടുക്കണമെന്ന് അവിടുന്ന് തിരുവുളളമായി. അങ്ങനെ മനുഷ്യന്റെ എല്ലാ അളവുകോലുകളേയും അതിലംഘിക്കുന്ന ദൈവത്തിന്റെ സ്നേഹം അതിന്റെ പാരമ്യതയില്‍ ഭൂമിസ്പര്‍ശിക്കാന്‍ എത്തുകയായി. ഇതാ പ്രത്യാശയുടെ സുവിശേഷവുമായി ഒരു ക്രിസ്മസ്‌ ദിനംകൂടി...

തിരുപ്പിറവി ഒരില്ലാതാകലിന്റെ ഓര്‍മ്മ പുതുക്കലാണ്‌... ഒരു ബലിയുടെ ഓര്‍മ്മ. എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തവനായി, ദരിദ്രരില്‍ ദരിദ്രനായി, കന്നുകള്‍ക്കിടയില്‍ ജന്മമെടുത്തവന്‍ നമുക്ക്‌ പകര്‍ന്നുതന്നത്‌ വിട്ടുകൊടുക്കലിന്റെ ഒരു സുവിശേഷമാണ്‌. നമ്മെ ചെറുതാക്കാതിരിക്കാന്‍ നമ്മേക്കാള്‍ ചെറുതായവന്‍ സന്മനസുള്ളവരുടെ രാജാവാണെന്നറിയുക.

ഓര്‍മ്മപുതുക്കലിന്റെ ദിനമായ ക്രിസ്മസ്‌ എന്റെയുള്ളില്‍ കോറിയിട്ട ഒരായിരം ചിത്രങ്ങളുണ്ട്‌. കരോള്‍ ഗീതങ്ങളും, നക്ഷത്ര വിളക്കുകളും, ക്രിസ്മസ്‌ അപ്പൂപ്പ്പ്പനും, ഗ്ലോറിയാ ഗീതങ്ങളുമൊക്കെ ചേര്‍ത്ത്‌ എന്റെ ഒാര്‍മ്മയിലെ ആദ്യത്തെ പിറവിത്തിരുന്നാളിന്‌ ആരാധനാപൂര്‍വ്വം സാക്ഷ്യം നിന്നതു മുതല്‍ ഇന്നുവരെയുള്ള ക്രിസ്മസ്‌ ദിനങ്ങള്‍ ഒാര്‍മ്മയില്‍ മിന്നി മറയുന്നു. ഇന്ന് ഈ ക്രിസ്മസ്‌ ആഘോഷിക്കുമ്പോള്‍ ഞാന്‍ കണ്ടെത്തുന്ന ഒരു വലിയ സത്യമുണ്ട്‌. വളരുംതോറും എന്റെ ക്രിസ്താവബോധത്തിനു ഏറെ ആഴമൊന്നും ലഭിച്ചിട്ടില്ല. ചെറുപ്പത്തില്‍ പഠിച്ചവയുടെ ബാഹ്യാചരണമായി, പുറമ്പൂച്ചുകളുടെ പുനരാവര്‍ത്തനത്തില്‍ മാത്രമായി എന്റെ ക്രിസ്മസ്‌ ഒതുങ്ങിക്കൂടുന്നു. ചുറ്റും വെളിച്ചം പൂത്ത നക്ഷത്രങ്ങളും, ക്രിസ്മസ്‌ ട്രീകളും ആരവങ്ങളുമുയരുമ്പോഴും മനസ്സ്‌ മന്ത്രിക്കുന്നു. ഒരായിരം പുല്‍ക്കൂടുകളില്‍ ഉണ്ണി വന്നു പിറന്നാലും എന്റെ ഹൃദയത്തില്‍ അവന്‍ വന്നു പിറക്കുന്നില്ലെങ്കില്‍ എനിക്കെന്ത്‌ ക്രിസ്മസ്‌...?

പ്രിയ ബൂലോകരേ, നമ്മള്‍ ഓരോ വര്‍ഷവും ക്രിസ്മസ്‌ ആഘോഷിക്കുന്നുണ്ട്‌. വെറും ആഘോഷമായി മാത്രം നമുക്കതിനെ ഒതുക്കി നിര്‍ത്താതെ ആഴങ്ങളിലേയ്ക്കിറങ്ങിച്ചെന്ന്‌ അര്‍ത്ഥം ഗ്രഹിക്കാം. അപ്പത്തിന്റെ വീട്ടില്‍ ജോസഫും മറിയവും ദിവ്യപുത്രനെ എതിരേറ്റതുപോലെ നമുക്കുമവനെ ഹൃദയങ്ങളിലേയ്ക്കു ക്ഷണിക്കാം. നമ്മുടെ ഹൃദയങ്ങള്‍ ദൈവപുത്രനിഷ്ടപ്പെട്ട ഇടങ്ങളാക്കി നമുക്ക്‌ മാറ്റാം. അപ്പോള്‍ നമ്മുടെ ക്രിസ്മസ്‌ അര്‍ത്ഥപൂര്‍ണ്ണമാവും. എല്ലാവര്‍ക്കും ഒരായിരം ക്രിസ്മസ്‌ ആശംസകള്‍...!

2 comments:

  1. ക്രിസ്തുമസ് ആശംസകള്‍........

    ReplyDelete
  2. Agnisudhi varuthiya aksharakottangalude virunnorukkiya koottukaraaa ninakku bhavukangal!!!!
    Fr.Bineesh(Luke)Thadathil

    ReplyDelete