7 Jan 2009

സൗഹൃദം = സമയം

മുന്നറിയിപ്പുകൂടാതെ നിനച്ചിരിക്കാത്ത വേളകളില്‍ തട്ടിവീഴുന്ന വഴിയാണ്‌ മനുഷ്യജീവിതം. ജീവിതത്തിന്റെ മരുഭൂമിയില്‍ സ്നേഹസാനിധ്യത്തിന്റെ മരുപ്പച്ചകള്‍ തീര്‍ക്കുന്നവരാണ്‌ സുഹൃത്തുക്കള്‍. കല്ലും മുള്ളും നിറഞ്ഞ ജീവിതവഴികളില്‍ സ്നേഹവും സൗഹൃദവും പങ്കുവച്ച്‌ ഇണങ്ങിയും പിണങ്ങിയും ചിരിച്ചും ചിരിപ്പിച്ചും ജീവിതദര്‍ശനങ്ങള്‍ക്ക്‌ നിറച്ചാര്‍ത്തുകൂട്ടുന്നവരാണവര്‍. അറിയാതെ അടുക്കുന്നവര്‍ പക്ഷെ ജീവിതത്തിന്റെ ഭാഗമായിത്തീരുന്നു എന്നതാണ്‌ സൗഹൃദത്തിന്റെ മാജിക്‌...


അജീഷും വിജീഷും സുഹൃത്തുക്കളായിരുന്നു. അജീഷ്‌ താമസിച്ചിരുന്നത്‌ ഒരു കുന്നിന്മുകളില്‍... വിജീഷാകട്ടെ കുറെ അകലെയുള്ള ഒരു തടാകതീരത്തും. കുന്നിന്മുകളില്‍ താമസിച്ചിരുന്ന അജീഷ്‌ ഒരിക്കല്‍ ഒരു രോഗം വന്നു കിടപ്പിലായി. വിവരമറിഞ്ഞ വിജീഷ്‌ അയാളെ കാണുവാനെത്തി. അപ്പോള്‍ ഒരു പ്രത്യേകതരം സമ്മാനം സുഹൃത്ത്‌ രോഗിക്ക്‌ നല്‍കി. രോഗിക്കാകട്ടെ ആ സമ്മാനം ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. അജീഷിന്റെ അസുഖം കുറെനാള്‍ നീണ്ടുനിന്നു. വിജീഷ്‌ അയാളെ ഇടയ്ക്കിടെ സന്ദര്‍ശിക്കുകയും അയാള്‍ക്കിഷ്ടമാണെന്നറിയാമായിരുന്ന സമ്മാനം എപ്പോഴും നല്‍കുകയും ചെയ്തു. വിജീഷിന്റെ പരിചരണവും പ്രത്യേക സമ്മാനവും വഴി അജീഷിന്റെ രോഗം മാറി. അപ്പോള്‍ രണ്ടുപേര്‍ക്കും ഏറെ സന്തോഷമായി.

കുറേനാള്‍ കഴിഞ്ഞപ്പോള്‍ തടാകക്കരയില്‍ താമസിച്ചിരുന്ന വിജീഷിനു അസുഖം പിടിപെട്ടു. അക്കാര്യമറിഞ്ഞപ്പോള്‍ കുന്നിഞ്ചെരിവില്‍ താമസിച്ചിരുന്ന അജീഷ്‌ പതിവായി അയാളെ സന്ദര്‍ശിക്കുവാനെത്തി. അപ്പോള്‍ അയാളും രോഗിയായ സുഹൃത്തിന്‌ ഒരു പ്രത്യേക സമ്മാനം നല്‍കി. അയാള്‍ എപ്പോഴൊക്കെ സുഹൃത്തിനെ കാണാന്‍ പോയോ അപ്പോഴൊക്കെ സുഹൃത്തിന്‌ എറ്റവും ഇഷ്ടപ്പെട്ട സമ്മാനം വീണ്ടും വീണ്ടും കൊടുക്കാന്‍ ശ്രദ്ധിച്ചിരുന്നു. അജീഷിന്റെ പരിചരണവും പ്രത്യേക സമ്മാനവും പതിവായി ലഭിച്ചപ്പോള്‍ വിജീഷിന്റെ അസുഖവും മാറി. എങ്കിലും അവര്‍ പതിവായി പരസ്പരം സന്ദര്‍ശിക്കുന്നതിലും ഇരുവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ട സമ്മാനം നല്‍കുന്നതിലും എപ്പോഴും ശ്രദ്ധിച്ചു.

എന്തായിരുന്നെന്നോ അവര്‍ പരസ്പരം എപ്പോഴും നല്‍കിയിരുന്ന സമ്മാനം?

സമയം!

അതെ, അവര്‍ക്കിരുവര്‍ക്കും എപ്പോഴും വേണ്ടിയിരുന്നത്‌ പരസ്പരമുള്ള സ്നേഹസാനിധ്യമായിരുന്നു. അതായത്‌ ഓരോരുത്തര്‍ക്കും വേണ്ടിയിരുന്നത്‌ മറ്റേയാളുടെ സമയമായിരുന്നു...

ആധുനികയുഗത്തിലെ മനുഷ്യന്‍ തിരക്കിന്റെ ഇരകളായി മാറിക്കഴിഞ്ഞു. ഇന്ന് എല്ലാവരും തിരക്കിലാണ്‌, തിടുക്കത്തിലാണ്‌. സാനിധ്യത്തിനും സാമീപ്യത്തിനുമിന്ന് പുല്ലുവില. തിരക്കിനിടയില്‍ ശിഥിലമാകുന്ന സുഹൃത്ബന്ധങ്ങളും അതികമാരേയും ചിന്തിപ്പിക്കാറില്ല...! കാരണം, അത്രമാത്രം തിരക്കാണ്‌ നമുക്കൊക്കെ. മാതാപിതാക്കള്‍ ഉദ്യോഗസ്ഥരാണ്‌. തിരക്കുമൂലം മക്കള്‍ക്കുവേണ്ടിയോ, സുഹൃത്തുക്കള്‍ക്കുവേണ്ടിയോ, പൊതുനന്മയ്ക്കുവേണ്ടിയോ മാറ്റിവയ്ക്കാന്‍ അവര്‍ക്ക്‌ സമയമില്ല. മക്കളുടെ കാര്യവും തിരിച്ചല്ല. അവര്‍ക്കും പഠനം മൂലവും ജോലികള്‍ മൂലവുമൊക്കെ വലിയ തിരക്കുതന്നെ.


'സമയമില്ലായ്മ' ഇന്നിന്റെ ശാപമായി മാറിക്കഴിഞ്ഞു. ഏറ്റവും രസകരമായ അഥവാ മനുഷ്യന്‍ ചിന്തിക്കാത്ത ഒരു സത്യം മരണം നമ്മെ ഗ്രസിക്കുന്ന നിമിഷംവരെ എല്ലാവര്‍ക്കും ലഭിക്കുന്ന സമയം ഒരുപോലെ തന്നെയാണ്‌ എന്നുള്ളതാണ്‌. ആര്‍ക്കും ഒരുദിവസത്തില്‍ ഇരുപത്തിനാലു മണിക്കൂറില്‍ ഒരു സെക്കന്‍ഡ്‌ കൂടുതലോ കുറവോ ലഭിക്കുന്നില്ലല്ലോ. പക്ഷേ, ആളുകള്‍ തമ്മിലുള്ള വ്യത്യാസം തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന സമയം ഉപയോഗപ്പെടുത്തുന്ന കാര്യത്തിലാണ്‌. സമയത്തിന്റെ മൂല്യത്തെക്കുറിച്ച്‌ അവബോധമുള്ളവര്‍ തങ്ങള്‍ക്ക്‌ ലഭിക്കുന്ന ഓരോ നിമിഷവും ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ ചെലവഴിക്കന്‍ ശ്രമിക്കും. എന്നാല്‍ സമയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ബോധമില്ലാത്തവരാകട്ടെ തങ്ങളുടെ സമയം വൃഥാ ചിലവഴിക്കുകയും ചെയ്യും.

നമുക്ക്‌ ലഭിച്ചിരിക്കുന്ന ദൈവത്തിന്റെ ഏറ്റവും വലിയ ദാനമാണ്‌ സമയം. നാളേയ്ക്കുവേണ്ടി നാമെന്തെല്ലാം മനക്കോട്ടകള്‍ കെട്ടിയാലും ഇന്നിനോട്‌ നാം സഹകരിക്കുന്നില്ലെങ്കില്‍ എന്ത്‌ പ്രയോജനം. നിന്റെ സമയം നിന്റെ സ്വന്തമല്ല. നിന്റെ സുഹൃത്തും, സഹോദരനും, മാതാപിതാക്കളും മക്കളും അതിനവകാശികളാണ്‌. അതുകൊണ്ടാവാം 'കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവനു കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കുവാന്‍ സാധിക്കുകയില്ലെന്നു' ബൈബിള്‍ കുറിക്കുക.





നാം പ്രതീക്ഷിക്കാത്ത വേഗത്തില്‍ സമയം കടന്നുപോവുകയാണ്‌. 2008 കടന്നുപോയി..., 2009-തും അതിവേഗം മുന്നോട്ട്‌ നീങ്ങിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ നാം നമ്മുടെ സമയത്തിന്റെ വിനിയോഗത്തെക്കുറിച്ച്‌ അല്‍പം ആത്മശോധന ചെയ്യുന്നത്‌ നന്നായിരിക്കും. എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കുന്ന സമയം ഏറ്റവും നന്നായിട്ടാണോ ഞാന്‍ ചെലവഴിക്കുന്നത്‌? മറ്റുള്ളവര്‍ നമ്മില്‍നിന്നു പ്രതീക്ഷിക്കുന്ന നമ്മുടെ സമയം കുറേയെങ്കിലും അവര്‍ക്ക്‌ കൊടുക്കാന്‍ നാം സന്നദ്ധരാണോ? നാം കൊടുക്കുന്ന മറ്റ്‌ എന്തിനേക്കാളും നമ്മള്‍ കൊടുക്കുന്ന സമയത്തിനാണ്‌ മറ്റുള്ളവര്‍ പ്രാധാന്യം കല്‍പിക്കുന്നത്‌ എന്നത്‌ നാം ഓര്‍മിക്കാറുണ്ടോ? നമുക്കന്യരുടെ മനസ്സില്‍ ഒരോര്‍മയായി, അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറാം. 2009 നമ്മുടെ പുതിയ ജീവിതത്തിന്റെ തുടക്കമാവട്ടെ.

സൗഹൃദം സമം സമയം എന്ന മന്ത്രം ജീവിതത്തിനെന്നും വഴികാട്ടിയാവട്ടെ...! ഒരായിരം മറക്കാനാവാത്ത സുഹൃത്തുക്കളെ സ്മരിച്ചുകൊണ്ട്‌, നന്ദിയോടെ...

3 comments:

  1. nalla chinthakal, athu enneyum chinthippichu... ente nalla friendnu naama matram...

    ReplyDelete
  2. മനസ്സുണ്ടെങ്കില്‍ സമയം താനേ വന്നു കൊള്ളും.

    ReplyDelete
  3. നല്ല ചിന്തകൾ മാഷേ..

    ആശംസകൾ!

    ReplyDelete