8 Mar 2009

പരിപൂര്‍ണ്ണതയുടെ ചക്രവാളങ്ങളിലേയ്ക്ക്‌...!

ലോകോത്തര ബ്രസീലിയന്‍ എഴുത്തുകാരനായ പൗലോ കൊയ്‌ലയുടെ മാസ്റ്റര്‍പീസാണ്‌ 'ആല്‍ക്കമിസ്റ്റ്‌'. നിമിത്തങ്ങളുടെ കഥ വര്‍ണ്ണിക്കുന്ന ഈ നോവലില്‍ ഒരു സന്യാസിയുടെ കഥ പറയുന്നുണ്ട്‌. മലമുകളില്‍നിന്നും ധ്യാനദര്‍ശനങ്ങളുമായി താഴ്‌വരയിലേക്കിറങ്ങിവന്ന സന്യാസി അവിടെയുള്ള ജനങ്ങളോട്‌ പറഞ്ഞു; "ഇനി നിങ്ങളാരും ഈ നദിയിലെ ജലം കുടിക്കരുത്‌. ഇത്‌ നിങ്ങളുടെ ബുദ്ധിയെ ബലഹീനമാക്കും". ഗ്രാമവാസികള്‍ക്ക്‌ സന്യാസിയുടെ വാക്കുകള്‍ ചിരിച്ചു തള്ളാവുന്ന തമാശ. സന്യാസിയുടെ വാക്കുകള്‍ക്ക്‌ ഗ്രാമത്തില്‍ വിലയില്ലാതെയായി. അങ്ങനെ ഗ്രാമത്തില്‍ ബുദ്ധി ക്ഷയിക്കാത്തവന്‍ സന്യാസി മാത്രം. ബുദ്ധി ക്ഷയിച്ച ഗ്രാമവാസികള്‍ സന്യാസിയെ ഭ്രാന്തനായിക്കരുതി, ഒറ്റപ്പെടുത്തി. സഹനത്തിന്റെയും ഒറ്റപ്പെടുത്തലുകളുടെയും ശൂന്യതയും പേറി സന്യാസി നടക്കവേ, ഒരു ദിവസം അദ്ദേഹം പുഴ്യിലിറങ്ങി, വെള്ളം കുടിച്ച്‌, ഗ്രാമത്തിന്റെ ഭാഗമായി.


സഹനത്തിന്റെ കാര്യത്തില്‍ നാമും പലപ്പോഴും ആ സന്യാസിയേപ്പോലെയല്ലേ എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. സഹിക്കേണ്ട അവസരങ്ങള്‍ വരുമ്പോള്‍ നാം പലപ്പോഴും ഒഴിഞ്ഞുമാറാറില്ലേ? ഒഴിക്കിനെതിരേ നീന്താന്‍ നാമാരെങ്കിലും ധൈര്യപ്പെടാറുണ്ടോ? തിന്മയുടേയും ഭൗതികതയുടേയും അതിപ്രസരം ആധുനിക യുഗത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ഈ സൈബര്‍ യുഗത്തില്‍, കടപുഴകി വീഴുന്ന നമ്മുടേയും മറ്റുള്ളവരുടേയും ജീവിതങ്ങള്‍ക്ക്‌ താങ്ങും തണലുമേകേണ്ട ദൈവീക ശക്തികളാണ്‌ നാമോരോരുത്തരും. അതിനാല്‍ നമ്മുടെ ജീവിതത്തിലുണ്ടാവുന്ന കൊച്ചുകൊച്ചു സഹനങ്ങളെ അപൂര്‍വ്വങ്ങളായ മുത്തുമണികളായി നമുക്ക്‌ സ്വീകരിക്കാം. അന്യന്റെ സഹനത്തിന്റെ കഥകള്‍ക്ക്‌ കാതോര്‍ക്കാനും, അവന്റെ കണ്ണീരിലെ ഉപ്പുരസം മനസ്സിലാക്കാനും നമുക്ക്‌ പരിശ്രമിക്കാം.


ഇന്നിന്റെ സഹനങ്ങള്‍ ഭാവിയില്‍ വിശുദ്ധിയുടെ, പരിപൂര്‍ണ്ണതയുടെ ചക്രവാളങ്ങളിലേയ്ക്ക്‌ പറന്നുയരാന്‍ നമ്മെ സഹായിക്കുന്ന ചിറകുകളാണ്‌. അതിനാല്‍ നോയമ്പുകാലത്തിന്റെ ആദര്‍ശമുള്‍ക്കൊണ്ടുകൊണ്ട്‌, കാല്വരിക്കുന്നിന്‍ മരക്കുരിശിലെ യേശുക്രിസ്തുവിനോടുകൂടെ സഹനത്തിന്റെ സഹകാര്‍മ്മികരായി നമുക്ക്‌ പ്രശോഭിക്കാം. സഹനങ്ങള്‍ വരുമ്പോള്‍ ഓടിയൊളിക്കാതെ അവയെ ധൈര്യപൂര്‍വ്വം നേരിടാന്‍ നമുക്കാവട്ടെ...!

1 comment:

  1. Yes...

    Let this lenten season help us to receive the sufferings as the precious moments in our life and through that let us find out the meaning of the cross..

    ReplyDelete